മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ സ്വര്‍ണക്കടത്ത്, കൊലപാതക ആരോപണങ്ങള്‍ കേരളത്തിന് അപമാനം; മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണ് ആരോപണത്തിന്റെ കേന്ദ്രബിന്ദു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമുയര്‍ന്നിരുന്നു. അതിന്റെ പേരിലാണ് സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നത്. കൊലപാതകം, കൊള്ള, അഴിമതി, സ്വത്ത് സമ്പാദനം, സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തിന് തന്നെ അപമാനമായി നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നടത്തിയെന്നാണ് ആരോപണം. അതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പിന്തുണ നല്‍കിയെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഭരണകക്ഷി എം.എല്‍.എയാണ്. സി.പി.എം നേതാവായ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് മുഴുവന്‍ ഉത്തരവാദിത്തവും കൈമാറിയിരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ ഈ ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടാനാകും. ഒരു മഞ്ഞു മലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേരളം ഞെട്ടാന്‍ പോകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഈ ഉപജാപക സംഘം നടത്തിയിരിക്കുന്നത്. ക്രിമിനലുകളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു .

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പുകമറ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ളതാണ്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണം. സര്‍ക്കാരിന് അതിനുള്ള ധൈര്യമില്ല. അയാളെ പേടിയാണ്. അതുകൊണ്ടാണ് എം.എല്‍.എയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തനാണ് ഈ എം.എല്‍.എ. പ്രതിപക്ഷ നേതാവിനെതിരെ എടുത്താല്‍ പൊങ്ങാത്ത ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതും ഈ എം.എല്‍.എയെയായിരുന്നു. മുഖ്യമന്ത്രി അറിയാതെ ഭരണകക്ഷി എം.എല്‍.എ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്നു പോലും ഈ എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. വിശ്വസ്തനായ എം.എല്‍.എ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അയാള്‍ക്കെതിരെ നടപടി എടുക്കട്ടെ. എത്ര വലിയ ആളാണെങ്കിലും നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പണ്ടും പറഞ്ഞിട്ടുണ്ട്. ഇവിടെ ആരോപണ വിധേയന്‍ മുഖ്യമന്ത്രിയാണ്. എന്നിട്ടും എന്തിനാണ് ശശിയുടെയും അജിത് കുമാറിന്റെയും നെഞ്ചത്ത് കയറുന്നത്. ഇത് പി. ശശിയുടെയോ അജിത് കുമാറിന്റെയോ ശിവശങ്കരന്റെയോ ഓഫീസല്ല. പിണറായി വിജയന്റെ ഓഫീസാണ്. ആ ഓഫീസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി വാ തുറന്ന് മറുപടി പറയണം. നേരത്തെ എന്തൊരു പത്രസമ്മേളനമായിരുന്നു. ഇപ്പോള്‍ മിണ്ടാട്ടമില്ലല്ലോ? മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ മാധ്യമങ്ങളെ കണ്ട് ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയണം. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് സ്വര്‍ണക്കള്ളക്കടത്താണ് പണി.

സോളാര്‍ കേസ് എം.ആര്‍ അജിത് കുമാര്‍ മാത്രമല്ല അന്വേഷിച്ചത്. അന്വേഷിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരേ പോലുള്ള റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. എന്നിട്ടും സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിച്ചു. സി.ബി.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് തള്ളിയത്. താന്‍ ഇപ്പോഴും സി.പി.എമ്മില്‍ തന്നെയാണെന്നു കാണിക്കാനാണ് അന്‍വര്‍ സോളാര്‍ കേസിനെ കുറിച്ച് പറഞ്ഞത്. ഏതെങ്കിലും ഭരണകക്ഷി എം.എല്‍.എ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടോ? ഭരണകക്ഷി എം.എല്‍.എ മുഖ്യന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടും പരിശോധിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞഞ്ഞെങ്കില്‍ അതില്‍ എന്തോ ഉണ്ടെന്നല്ലേ അര്‍ത്ഥം? ധൈര്യമുണ്ടെങ്കില്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം.