രാജ്യത്തിന്റെ ഏകത്വ ദര്‍ശനത്തെ ലോകത്തിനു പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികള്‍: ഗവര്‍ണര്‍

മൂന്നാം ലോക കേരള സഭയ്ക്കു പ്രൗഢമായ തുടക്കം
തിരുവനന്തപുരം: നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദര്‍ശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈവിധ്യമാര്‍ന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ അന്തസത്ത. ഒരു വ്യക്തിക്കും അതിന്റെ പ്രാധാന്യവും സാധുതയും കുറയ്ക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മൂന്നാമതു ലോക കേരള സഭയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികള്‍ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ നിയമസഭാ മന്ദിരത്തില്‍ 17, 18 തിയ്യതികളില്‍ നടക്കും.
ഏകത്വം എന്ന ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നാഗരികതയുടേയും പ്രതീകമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇതു രാജ്യത്തിന്റെ മനസില്‍ ആഴത്തില്‍ വേരൂന്നിയതാണ്. പ്രവാസ ജീവിതത്തിലും ഇതു കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. ലോകമെമ്പാടും രാജ്യത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്കു വലുതാണ്. ആയിരക്കണക്കിനു പ്രവാസികളുടെ ത്യാഗം രാജ്യത്തിനു ലഭിച്ച പല കീര്‍ത്തിക്കു പിന്നിലുമുണ്ട്. ഇതില്‍ മലയാളികളായ പ്രവാസികളുടെ ജീവിതവും സംഭാവനകളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
യുക്രെയിന്‍ പ്രതിസന്ധിയുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും നാട്ടിലേക്കുള്ള തിരിച്ചുവരവു സുമമാക്കാന്‍ സര്‍ക്കാരിനു സഹായം നല്‍കിയത് ലോക കേരള സഭയിലെ അംഗങ്ങളടങ്ങുന്ന പ്രവാസി സമൂഹമാണ്. സംസ്ഥാനത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി വികസനത്തില്‍ പ്രവാസി സഹോദരങ്ങളെക്കൂടി പങ്കുകാരാക്കുന്നതിനായാണു ലോക കേരള സഭ രൂപീകരിച്ചത്. മലയാളികളുടെ സാമൂഹിക ജീവിതത്തില്‍ ലോകമെമ്പാടുമുള്ള പ്രവാസികളുടെ സജീവ സഹകരണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
സംസ്ഥാനത്തെ തൊഴിലന്വേഷകരായ ചെറുപ്പക്കാരുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അറിവുകളും അനുഭവങ്ങളും പങ്കിടുന്നതിനുള്ള ഓണ്‍ലൈന്‍ ആശയ വിനിമയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലോകകേരള സഭയ്ക്കു കഴിയണമെന്നു ഗവര്‍ണര്‍ പറഞ്ഞു. യുക്രെയിന്‍ പ്രതിസന്ധിയെത്തുടര്‍ന്നു മടങ്ങിവന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തുടരുന്നതിനും മുന്‍ഗണന നല്‍കണം. ഇന്‍ഫര്‍മേഷന്‍ ടെക്്നോളജി, ഇലക്ട്രോണിക്സ് തുടങ്ങി സംസ്ഥാനത്തിന്റെ ശക്തിമേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രവാസി മലയാളി സംരംഭകര്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രവാസികളുടെ പങ്കു വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന ജി.ഡി.പിയുടെ 35 ശതമാനവും പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന പണമാണ്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും പ്രവാസികളുടെ വലിയ സംഭാവനകള്‍ ഉണ്ട്. ലോകം മുഴുവന്‍ ഒഴുകിപ്പരന്നുകിടക്കുന്ന മലയാളികളുടെ വിശാലമായ ജനാധിപത്യ വേദിയാണു ലോക കേരള സഭ. കഴിഞ്ഞ രണ്ടു ലോക കേരള സഭകൊണ്ട് കേരളത്തിനും പ്രവാസി സമൂഹത്തിനുമുണ്ടായ പ്രയോജനങ്ങള്‍ വലുതാണ്. ലോക കേരള സഭയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കുന്നതിനായി ഏഴു മേഖലാ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റിമെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ്, എന്‍.ആര്‍.ഐ. സഹകരണ സൊസൈറ്റി, നോര്‍ക്ക റൂട്ട്സിലെ വിമന്‍സ് സെല്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അന്താരാഷ്ട്ര മൈഗ്രേഷന്‍ സെന്റര്‍, ലോക മലയാളം എന്ന പ്രസിദ്ധീകരണം തുടങ്ങിയവ കഴിഞ്ഞ രണ്ടു ലോക കേരള സഭകളുടെ ഉത്പന്നങ്ങളാണ്.
നോര്‍ക്കയുടെ ജോബ് പോര്‍ട്ടല്‍, പ്രവാസികളാകാന്‍ താത്പര്യപ്പെടുന്നവര്‍ക്കായുള്ള നൈപുണ്യ വികസന പരിപാടികള്‍, ജര്‍മനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനുള്ള ട്രിപ്പിള്‍ വന്‍ പ്രൊജക്ട്, തൊഴില്‍ റിക്രൂട്ട്മെന്റിനായി ജപ്പാന്‍, ദക്ഷിണകൊറിയ, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി ഏര്‍പ്പെടുത്തിയിട്ടുള്ള കരാറുകള്‍, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, കോവിഡ് കാലത്ത് 17 രാജ്യങ്ങളില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കുകള്‍, സാന്ത്വനം പദ്ധതി, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ്, ഫെസിലിറ്റേഷന്‍ സെന്റര്‍, പ്രവാസി ഡിവിഡന്റ് സ്‌കീം തുടങ്ങിയവ കഴിഞ്ഞ രണ്ടു ലോക കേരള സഭകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ ഭാഗമായി രൂപം നല്‍കിയ പദ്ധതികളാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, വി.എന്‍. വാസവന്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍, പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, കെ.എന്‍. ബാലഗോപാല്‍, മേയര്‍ ആര്യ രാജന്ദ്രന്‍, എം.പിമാരായ ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, വി.കെ. പ്രശാന്ത് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലി, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ഡയറക്ടര്‍മാരായ ഡോ. എം. അനിരുദ്ധന്‍, രവി പിള്ള, ആസാദ് മൂപ്പന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തിനു ശേഷം ജി.എസ്. പ്രദീപിന്റെയും മേതില്‍ ദേവികയുടേയും നേതൃത്വത്തില്‍ നോര്‍ക്ക ഇന്ദ്രധനുസ് എന്ന പരിപാടിയും അരങ്ങേറി.
169 ജനപ്രതിനിധികള്‍, 182 പ്രവാസികള്‍ എന്നിവരടക്കം 351 അംഗങ്ങളാണു മൂന്നാം ലോക കേരളസഭയില്‍ പങ്കെടുക്കുന്നത്. 182 പ്രവാസികളില്‍ 104 പേര്‍ രാജ്യത്തിനു പുറത്തുള്ളവരും 36 പേര്‍ ഇതര സംസ്ഥാന പ്രവാസികളുമാണ്. 17ന് നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമര്‍പ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മേഖലാ യോഗങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും.