സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘സുരക്ഷിത്’ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും മെന്‍സ്ട്രല്‍ കപ്പ് പദ്ധതി(എം-കപ്പ്) നടപ്പാക്കുമെന്ന് ക്ഷീരവികസന – മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തു കോടി രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് (എം-കപ്പ്) പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സാണ് ‘സുരക്ഷിത്’ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ചടയമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ആരോഗ്യ ശുചിത്വ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനവും കടയ്ക്കല്‍ ജിഎച്എസ്എസില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. എച്എല്‍എല്‍ ലൈഫ് കൈയറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഫീഡ്സിന്റെ 2021-22 കാലത്തെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് (സിഎസ്ആര്‍)പദ്ധതി വഴിയാണ് ഇതിനായുള്ള തുക വകയിരുത്തിയത്. തുടക്കത്തില്‍ പത്ത് അസംബ്ലി നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളില്‍ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും. ഇത്തരം സാമൂഹ്യന•യ്ക്ക് വേണ്ടിയുള്ള കേരള ഫീഡ്സിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച മന്ത്രി, സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ സാധിക്കുമെന്നും പറഞ്ഞു. വിവിധ സ്കൂളുകള്‍ക്കുള്ള എം കപ്പുകള്‍ മന്ത്രി വിതരണം ചെയ്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന് ചടങ്ങില്‍ അധ്യക്ഷയായിരുന്നു. പ്രകൃതി സൗഹൃദമായ ഈ ഉദ്യമം സ്ത്രീകളുടെ ശാരീരിക അസ്വാസ്ഥ്യം കുറയ്ക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച കേരള ഫീഡ്സിനെ അവര്‍ പ്രത്യേകം അഭിനന്ദിച്ചു.
ഇതൊരു സാമൂഹിക ശാക്തീകരണ പദ്ധതി കൂടിയാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ സംസ്ഥാനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എച് എല്‍എല്‍ ഡെ. പ്രൊജക്ട് മാനേജര്‍ ഡോ. കൃഷ്ണ എം കപ്പിനെക്കുറിച്ചുള്ള അവബോധ പരിപാടി നടത്തി.
ചടയമംഗംലം ബ്ലാക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഹരി വി നായര്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാര്‍, വൈസ് പ്രസിഡന്റ് ആര് ശ്രീജ, കൊല്ലം ജില്ലാ പഞ്ചായത്തംഗം ജെ നജീബത്ത്, പുനലൂര്‍ ഡിഇഒ റസീന എം ജെ, കടയ്ക്കല്‍ ജിഎച്എസ്എസ് പ്രിന്‍സിപ്പല്‍ എ നജീം തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ നിലവാരത്തിലുള്ള സിലിക്കണ്‍ ഉപയോഗിച്ചാണ് പരിസ്ഥിതിസൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് തയ്യാറാക്കുന്നത്. ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ സുരക്ഷ നല്കുന്ന എം കപ്പുകള്‍ പത്തു വര്‍ഷം വരെ പുനരുപയോഗിക്കാം. വിലകൂടിയ സാനിറ്ററി നാപ്കിനുകളുടെ ബദലായിട്ടാണ് ഇവയെ കണക്കാക്കുന്നത്.