ഹജ്ജ് തീര്‍ത്ഥാടനം: ആദ്യ സംഘം യാത്രയായി

കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ തീര്‍ത്ഥാടന സംഘം നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായി. രാവിലെ 8.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തിലാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ഫഌഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു. 181 പുരുഷന്മാരും 196 സ്ത്രീകളുമടക്കം 377 തീര്‍ത്ഥാടകരാണ് സംഘത്തിലുള്ളത്. എയര്‍പോര്‍ട്ടില്‍ എത്തിയ ഹാജിമാരെ സിയാല്‍ അധികൃതര്‍, സി ഐ എസ് എഫ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് , കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഫൂജ കാതൂന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഐ. പി അബ്ദു സലാം, മുഹമ്മദ് ഖാസിം കോയ, സഫര്‍ കയാല്‍, പി. പി മുഹമ്മദ് റാഫി , പി. ടി അക്ബര്‍ , സിയാല്‍ സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ സി.ദിനേശ് കൂമാര്‍ , എം.എസ് അനസ് ഹാജി, അസി. സെക്രട്ടറി എന്‍.മുഹമ്മദലി , ഹജ്ജ് സെല്‍ ഓഫീസര്‍ എസ്.നജീബ്, സ്‌പെഷല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം, മുത്തുകോയ, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ്, എയര്‍ലൈന്‍സ് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുലര്‍ച്ചെ നടന്ന യാത്രയയപ്പ് പ്രാര്‍ത്ഥന സംഗമത്തിനു ശേഷം ഹാജിമാരെ പ്രത്യേക വാഹനത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.പ്രാര്‍ത്ഥന സംഗമത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. ഹജ്ജ് സെല്‍ ഓഫീസര്‍ എസ്. നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദശം നല്‍കി. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.മൊയ്തീന്‍ കുട്ടി, പി. പി മുഹമ്മദ് റാഫി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, യു.അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു. ജൂണ്‍ 4 മുതല്‍ 16 വരെ നെടുമ്പാശ്ശേരി വഴി 20 വിമാനങ്ങളിലായി 7724 തീര്‍ത്ഥാടകരാണ് മദീനയിലേക്ക് പോകുന്നത്. 377 പേര്‍ വീതം യാത്ര ചെയ്യാവുന്ന വിമാനത്തില്‍ കേരളത്തിനു പുറമേ, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്തമാന്‍, തുടങ്ങിയ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1966 തീര്‍ത്ഥാടകരും യാത്രയാകും.കേരളത്തില്‍ നിന്നും 5758 തീര്‍ത്ഥാടകര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.2056 പുരുഷന്മാരും 3702 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.

ഹജ്ജ് തീര്‍ത്ഥാടനം മുന്നോട്ടുവയ്ക്കുന്നത്
മാനവികതയുടെയും സഹാനുഭൂതിയുടെയും വിശാല സങ്കല്പം: മന്ത്രി പിരാജീവ്

കൊച്ചി: മാനവികതയുടെയും സഹാനുഭൂതിയുടെയും വിശാലമായ സങ്കല്പമാണ് ഹജ്ജ് തീര്‍ത്ഥാടനം മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നടന്ന തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുവര്‍ഷത്തിനുശേഷം വീണ്ടും തീര്‍ഥാടനം ആരംഭിക്കുമ്പോള്‍ പുതിയ സാഹചര്യത്തില്‍ മികവുറ്റ സേവന സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. തീര്‍ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സൗകര്യങ്ങളൊരുക്കാന്‍ വിവിധ വകുപ്പുകള്‍ക്കും, സിയാലിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സേവന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ 150 തീര്‍ത്ഥാടകര്‍ക്ക് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വീതം നിയമിച്ചിട്ടുണ്ട്. മുംബൈയിലും, കോഴിക്കോട് ഹജ്ജ് ഹൗസില്‍നിന്നും വിദഗ്ധ പരിശീലനം നേടിയവരാണിവര്‍, ഇവര്‍ സേവന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്ന് മോണിറ്ററിങ് ചെയ്യും. തീര്‍ത്ഥാടകര്‍ക്ക് വീടുകളില്‍ നിന്ന് പുറപ്പെട്ട് ഹജ്ജ് കര്‍മ്മം സുഗമമായി പൂര്‍ത്തിയാക്കി തിരിച്ചു വരുന്നത് വരെ ഇവരുടെ സേവനമുണ്ടാകും. വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് വിവിധ ദേശത്തുനിന്നും എത്തുന്നവര്‍ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന ഐക്യത്തിന്റ മഹാസംഗമമാണ് ഹജ്ജ് തീര്‍ഥാടനം എന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും എല്ലാവിധ യാത്രമംഗളങ്ങളും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടകരുമായുളള ആദ്യ വിമാനം ശനിയാഴ്ച രാവിലെ സൗദിയിലേക്ക് പുറപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരെ കൂടാതെ ലക്ഷദ്വീപ്, ആന്‍ഡമാന്‍,തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ള തീര്‍ഥാടകരും സംഘത്തിലുണ്ട്. കോവിഡ് പരിശോധന അടക്കമുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാണ് തീര്‍ത്ഥാടകരെ യാത്രയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന സംഗമത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി.
ചടങ്ങില്‍ ലക്ഷദ്വീപ് എം പി. പി.പി മുഹമ്മദ് ഫൈസല്‍, ഹജ്ജ് കമ്മിറ്റി അംഗം പി.ടി.എ റഹീം എം.എല്‍. എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, , കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഫൂജ കാത്തൂന്‍, എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ,മുന്‍ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ്, അഡ്വ. വി സലീം, ഹജ്ജ് കമ്മിറ്റി അംഗം കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം ഷബീര്‍, സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ ദിനേശ് കുമാര്‍, വി എച്ച് അലി ദാരിമി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ക്യാമ്പ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മൊയ്തീന്‍ കുട്ടി അസി. ജനറല്‍ കണ്‍വീനര്‍ എം എസ് അനസ് ഹാജി ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖാസിം കോയ, ഡോ. പി.എ സൈദ് മുഹമ്മദ്, സഫര്‍ എ കയാല്‍, പി ടി. അക്ബര്‍, മുഹമ്മദ് റാഫി. പി പി, വഖഫ് ബോര്‍ഡ് മെമ്പര്‍ റസിയ ഇബ്‌റാഹീം, പോണ്ടിച്ചേരി ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഹാജി ടി. കെ വസീം എന്നിവരും അഡ്വ. ബാബു സേട്ട്, അസി. സെക്രട്ടറി എന്‍ മുഹമ്മദലി, ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ്, സ്‌പെഷല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.