മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി
10 ജില്ലകളില്‍ നാളെയും റെഡ് അലേര്‍ട്ട്
11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ആറു പേര് മരിച്ചു. 23 വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ക്കു ഭാഗീകമായും തകര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി. കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നു പേര് മരിച്ചു. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന് (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയുടെയും ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.
തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശി കന്യാകുമാരി പുത്തന്‍തുറ കിങ്സറ്റണ്‍ (27) കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കൂട്ടിക്കല്‍ കന്നുപറമ്പില്‍ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയില്‍ തിങ്കളാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയില്‍ പൗലോസിനെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് 27 വീടുകള്‍ പൂര്‍ണമായും 126 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇന്നു മാത്രം 23 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 71 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ഇവിടെ 18 വീടുകള്‍ പൂര്‍ണമായും എട്ടു വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം. കൊല്ലം – 2, ഇടുക്കി – 5, എറണാകുളം – 1, വയനാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം. തിരുവനന്തപുരത്ത് ഇതുവരെ 12 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. കൊല്ലം – 15, പത്തനംതിട്ട – 6, ആലപ്പുഴ – 10, കോട്ടയം – 50, ഇടുക്കി – 7, എറണാകുളം – 2, തൃശൂര്‍ – 6, വയനാട് – 10, കണ്ണൂര്‍ – 8 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.
കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാംപുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാംപില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാംപുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാംപുകളിലായി 52 പേരും കഴിയുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
10 ജില്ലകളില്‍ നാളെയും റെഡ് അലേര്‍ട്ട്
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴഎന്നതുകൊണ്ടു കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ടു കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓഗസ്റ്റ് ആറിനും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഞ്ഞ അലേര്‍ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ഓഗസ്റ്റ് നാലു വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ ഓഗസ്റ്റ് ആറു വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാല് ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഓറഞ്ച് അലെര്‍ട് നിലനില്‍ക്കുന്നതിനാലും അങ്കണവാടികള്‍ മുതല്‍ പ്രൊഫെഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
പത്തനംതിട്ട ജില്ലയില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകളും ഇന്റര്‍വ്യൂകളും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
പമ്പയാര്‍, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെയുടെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നതിനാല്‍ നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അട്ടപ്പാടി മേഖലയിലേക്ക് വൈകീട്ട് ആറ് മണി മുതല്‍ പിറ്റേന്ന് ആറ് വരെയുള്ള സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു.
ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കും വിനോദ യാത്ര പൂര്‍ണ്ണമായും നിരോധിച്ചു. പറമ്പിക്കുളത്തേക്കും വിനോദയാത്രയ്ക്കു നിരോധനമുണ്ട്.
തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ (03 ഓഗസ്റ്റ്) രാത്രി 11.30 വരെ മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനു മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതു കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത
പുലര്‍ത്തണം; പമ്പാ സ്നാനം അനുവദിക്കില്ല
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ജില്ലയില്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണം. മാത്രമല്ല, നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പമ്പാ സ്നാനത്തിന് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന് റോഡ് വഴി മാത്രമായിരിക്കും തീര്‍ഥാടകരെ കടത്തി വിടുക. ചടങ്ങുകള്‍ക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറക്കും.