വടക്കാഞ്ചേരി : ക്ഷീരമേഖല മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നതിന് പ്രാധാന്യം നല്‍കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തദ്ദേശസ്ഥാപനങ്ങളും ക്ഷീര കര്‍ഷക സംഘങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി നേതൃത്വം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് ക്ഷീര മേഖലയില്‍ പിടിച്ചു നില്‍ക്കാനും അവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാനുമുള്ള ഇടപെടല്‍ ഇനിയും ഉണ്ടാകണം. ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമപ്പുറം ഇതിന് വേണ്ടി പ്രായോഗികമായി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മേഖലയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകനായ ഗോപാലകൃഷ്ണന്‍ എന്‍ ജി, മുതിര്‍ന്ന ക്ഷീര കര്‍ഷകനായ ശങ്കരന്‍കുട്ടി നായര്‍, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന മുള്ളൂര്‍ക്കര ക്ഷീര സംഘം എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ക്ഷീരവികസന സെമിനാര്‍, ഡയറി എക്‌സിബിഷന്‍, ഫോഡര്‍ എക്‌സിബിഷന്‍, ഡയറി ക്വിസ്, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെയും സംഘങ്ങളെയും ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. തൃശൂര്‍ ആര്യ ഐ കെയര്‍, സൂപ്പര്‍ സ്‌പെഷ്യലിറ്റി ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കരുമത്ര ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെവി നഫീസ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുനില്‍ കുമാര്‍, എസ് ബസന്ത് ലാല്‍, പി പി സുനിത, ഗിരിജ മേലേടത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി സുനില്‍ കുമാര്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സിനിജ ഉണ്ണികൃഷ്ണന്‍, ഇ ആര്‍ സി എം പി യു ചെയര്‍മാന്‍ എം ടി ജയന്‍, വടക്കാഞ്ചേരി ക്ഷീര വികസന ഓഫീസര്‍ നന്ദിനി ടി, കരുമത്ര ക്ഷീരസംഘം പ്രസിഡന്റ് ടി പി ശശിധരന്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.