തിരുവനന്തപുരം: ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങള്‍ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണു സംസ്ഥാനം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാന്‍ കേരള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ തീരവാസികള്‍ക്കു താത്കാലിക താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുട്ടത്തറയിലും ആലപ്പുഴ കുമാരപുരത്തും നിര്‍മിച്ച സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവയെയെല്ലാം ഒരുമയോടെ അതിജീവിക്കാന്‍ കരുത്തുള്ളവരാണു മലയാളികളെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി പൊരുതുകയെന്നതാണു കാലാവസ്ഥാ വ്യതിയാനം മൂലം ലോകമാകെയുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതില്‍ പ്രധാനം. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ലോകമെമ്പാടും ചേരുന്ന ഉച്ചകോടികളില്‍ ഇത്തരമൊരു ഐക്യം രൂപപ്പെടുന്നില്ല. അതിവികസിത രാജ്യങ്ങളെന്നു കരുതുന്ന രാഷ്ട്രങ്ങളില്‍ ചിലത് സ്വന്തം താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇടപെടലിനാണു പ്രാധാന്യം നല്‍കുന്നത്. നമുക്ക് അത്തരമൊരു നിലപാട് എടുക്കാന്‍ കഴിയില്ല. നാടിനെയും പ്രകൃതിയേയും സംരക്ഷിച്ച് ഭാവി തലമുറയ്ക്കു കൈമാറാനുള്ള ഉത്തരവാദിത്തമാണ് ജനകീയ സര്‍ക്കാരിനുള്ളത്. അതനുസരിച്ചുള്ള ഇടപെടലുകളാണു കേരളം നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, പ്രകൃതിസൗഹൃദ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഹൈഡ്രജന്‍ ഇന്ധന ഉപയോഗം വര്‍ധിപ്പിക്കല്‍, പുനരുപയോഗസാധ്യതയുള്ള ഊര്‍ജ സ്രോതസുകള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയിലൂടെ ഇതിനു തയാറെടുപ്പു നടത്തുകയാണ്. ദുരന്തനിവാരണത്തിന്റെ ഭാഗമായി സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
മലയോരത്തും തീരദേശത്തുമെല്ലാം ധാരാളം ജനങ്ങള്‍ താമസിക്കുന്ന സംസ്ഥാനമാണു കേരളം. പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായി ബാധിക്കുന്ന പ്രദേശമാണിത്. ഇതു മുന്‍നിര്‍ത്തി ഇത്തരം മേഖലകളിലെ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനു മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള നടപടിയാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചെല്ലാനത്തു നടപ്പാക്കിയ 344 കോടിയുടെ തീരസംരക്ഷണ പദ്ധതി പ്രദേശത്തു വലിയ മാറ്റംകൊണ്ടുവന്നു. പദ്ധതിയുടെ 95 ശതമാനത്തോളം ഇതുവരെ പൂര്‍ത്തിയാക്കി. കൊല്ലംകോട് തീരസംരക്ഷണത്തിന് 51 കോടിയുടെ ഭരണാനുമതിയായി. തീരശോഷണം രൂക്ഷമായ ആലപ്പുഴ ഒറ്റമശേരിയില്‍ പുലിമുട്ട് നിര്‍മാണം പുരോഗിമിക്കുന്നു. തിരുവനന്തപുരം മുതലപ്പൊഴി, കൊല്ലം താന്നി, ആലപ്പുഴ കായംകുളം, തോട്ടപ്പള്ളി, തൃശൂര്‍ ചേറ്റുവ, കണ്ണൂര്‍ തലായി, കാസര്‍കോഡ് മഞ്ചേശ്വരം എന്നിവിടങ്ങളില്‍ 90 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. കണ്ണൂരിലേയും കാസര്‍കോട്ടേയും പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് പൂന്തുറ മുതല്‍ വലിയതുറവരെ തീരസംരക്ഷണത്തിനായി 150 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്കി. പൂന്തുറയില്‍ ഓഫ്ഷോര്‍ ബ്രേക് വാട്ടര്‍ നിര്‍മിക്കുന്ന പദ്ധതിക്കും നല്ല പുരോഗതി കൈവരിക്കാനായി.
ദുരന്ത മുന്നറിയിപ്പിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് 78 കോടി ചെലവില്‍ സംസ്ഥാനത്തെ തീരദേശ ജില്ലകളിലായി 17 വിവിധോദ്ദേശ്യ സൈക്ലോണ്‍ അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന് ലോകബാങ്കിന്റെയും ദേശീയ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ടിന്റെയും സഹായം ലഭിച്ചു. ഇതില്‍ 13 എണ്ണം നേരത്തേ നാടിനു സമര്‍പ്പിച്ചു. ഇതിനു പുറമേയാണ് പുതുതായി രണ്ടെണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്നു നിലയുള്ള കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍, പൊതു അടുക്കള എന്നിവയുമുണ്ട്. തീരപ്രദേശത്തുനിന്നു 10 കിലോമീറ്ററിനുള്ളില്‍ ഭൂമി കണ്ടെത്തിയാണ് ഇവ നിര്‍മിച്ചത്.
ഷെല്‍ട്ടറുകളുടെ പ്രവര്‍ത്തിനു തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളില്‍ സ്കൂള്‍ ക്ലാസ് മുറികള്‍. ഇന്‍ഡോര്‍ ഗെയിം പരിശീലന കേന്ദ്രങ്ങള്‍, വനിതകളുടെ ജിംനേഷ്യം, മറ്റു കൂട്ടായ്മകള്‍ തുടങ്ങിയവയ്ക്ക് ഇവ ഉപയോഗിക്കാന്‍ കഴിയും. ഇക്കാര്യം ഷെല്‍ട്ടര്‍ മാനേജ്മെന്റ് കമ്മിറ്റിയാകും തീരുമാനിക്കുക. ഷെല്‍ട്ടറുകള്‍ വരുന്ന പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കു പരിശീലനം നല്കി നാലു തരം എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനവും നടക്കുന്നു. ഷെല്‍ട്ടര്‍ മാനേജ്മെന്റ്, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, പ്രഥമശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെയാണു നാലു സംഘങ്ങളെ പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാ വകുപ്പ് എന്നിവരാണു പരിശീലം നല്‍കുന്നത്. യുവജനങ്ങളുടെ കര്‍മശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്താനായി രൂപീകരിച്ച ടീം കേരള പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച യൂത്ത് ഫോഴ്സ് സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുട്ടത്തറയിലെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ വളപ്പില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയായി. മേയര്‍ ആര്യ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, റവന്യൂ ദുരന്ത നിവാരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി.വി. അനുപമ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, കൗണ്‍സിലര്‍ ജെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു.