ഗോള്‍ പദ്ധതി ലോക ചരിത്രത്തില്‍ തന്നെ
മഹാ സംഭവം: മന്ത്രി വി.അബ്ദുറഹിമാന്
കൊച്ചി: മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായ ഫുട്ബോളിന്റെ ആരവം എത്രമാത്രം ആവേശോജ്വലമെന്ന് തെളിയിക്കുന്നതായിരുന്നു കടയിരിപ്പ് ജി.എച്ച്.എസ്.എസില്‍ നടന്ന ഗോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ്. കായിക മന്ത്രിയും എം.എല്‍.എയും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒരു കൂട്ടം ഫുട്ബോള്‍ താരങ്ങളും അണിനിരന്ന ചടങ്ങിനെ നിറഞ്ഞ കയ്യടിയും ആര്‍പ്പുവിളികളുമായാണ് കുട്ടികളും മുതിര്‍ന്നവരും എതിരേറ്റത്. കായിക മന്ത്രി വി. അബ്ദുറഹിമാനും പി.വി ശ്രീനിജിന്‍ എം.എല്‍.എയും കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദും 90 കഴിഞ്ഞിട്ടും കാല്‍പ്പന്ത് കളിയോടുള്ള സ്നേഹം നെഞ്ചേറ്റുന്ന മുന്‍ ദേശീയ അന്തര്‍ദേശീയ താരവും പരിശീലകനുമായ റൂഫസ് ഡിസൂസ, മുതിര്‍ന്ന താരങ്ങള്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് സ്കൂളിലെ ഇന്‍ഡോര്‍ മൈതാനത്തെ ഗോള്‍ പോസ്റ്റിന് മുന്പില് എം.എല്‍.എ ഗോള്‍കീപ്പറായും മന്ത്രി ഷൂട്ടറായും മാറിയതോടെ ചടങ്ങ് ആവേശത്തിനു വഴിമാറി. വന്‍ കരഘോഷത്തിനിടെ മന്ത്രി വി.അബ്ദുറഹിമാന് എടുത്ത കിക്ക് കൃത്യമായി ഗോള്‍ വല കുലുക്കി.
രണ്ടാമതെത്തിയ മിന്നുംതാരം സഹലിന്റെ ആദ്യ ഷൂട്ട് പി.വി. ശ്രീനിജിന്‍ എം.എല്‍.എ തടുത്തെങ്കിലും റീബൗണ്‍സ് ചെയ്ത ബോള്‍ കൃത്യമായി വലയിലെത്തിക്കാന്‍ സഹലിനു കഴിഞ്ഞു. രണ്ട് ഗോള്‍ വീണതിന്റെ വാശിയില്‍ പോരാടാനിറങ്ങിയ എം.എല്‍.എയ്ക്ക് മുന്പില് പിടിച്ചു നില്ക്കാന് പിന്നീട് വന്നവര്‍ക്കു കഴിഞ്ഞില്ല. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ഷോട്ടുകള്‍ കൃത്യമായി തടുത്ത ശേഷമാണ് അദ്ദേഹം അവസാനിപ്പിച്ചത്.
സര്‍വം ഫുട്ബോള്‍ മയമായിരുന്ന ചടങ്ങിലെത്തിയ പ്രമുഖരെ പന്ത് നല്‍കിയായിരുന്നു അധികൃതര്‍ സ്വീകരിച്ചത്. മുതിര്‍ന്ന താരങ്ങളുടെ കൂടെ കൂടിയ വിദ്യാര്‍ത്ഥികള്‍ പരിപാടി കഴിഞ്ഞ ശേഷവും അനുഭവങ്ങളും സംശയങ്ങളും ചോദിച്ചും ഓട്ടോഗ്രാഫില്‍ ഒപ്പു വാങ്ങാനുമായി പിന്നാലെ കൂടി.
ഗോള്‍ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം
കടയിരിപ്പ് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍വഹിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഫുട്ബോള്‍ പരിശീലന പരിപാടിയായ ഗോള്‍ പദ്ധതി ലോക ചരിത്രത്തില്‍ തന്നെ മഹാ സംഭവമായി മാറിയിരിക്കുകയാണെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. അഞ്ച് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ ലോകത്ത് തന്നെ ഒരു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ച് നടത്തുന്ന ഫുട്ബോള്‍ പരിശീലനമാണിതെന്നും മന്ത്രി പറഞ്ഞു. കടയിരിപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 20 ലക്ഷം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് രണ്ട് മില്യണ്‍ ഗോളടിപ്പിക്കുന്ന പദ്ധതിയിലൂടെ ഗിന്നസ് ബുക്കില്‍ ഇടം തേടാനും ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടു കോടി ഗോള്‍ അടിപ്പിക്കുന്ന പരിപാടിയും കായിക വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. കേരള കായിക ക്ഷമതാ മിഷനിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ശാരീരിക ക്ഷമതയുള്ളവരാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കടയിരിപ്പ് സ്കൂളിലെ ഇന്‍ഡോര്‍ മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി പന്ത് തട്ടിയായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ പി.വി ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് മുഖ്യാതിഥിയായി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ മേഴ്സി കുട്ടന്, വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, കായിക യുവജന കാര്യ വകുപ്പ് ഡയറക്ടര്‍ എസ്.പ്രേം കൃഷ്ണന്, അഡീഷണല്‍ ഡയറക്ടര്‍ എ.എന്‍ സീന, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ജോര്‍ജ് ഇടപ്പരത്തി, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എം.ഡി വിജു ജേക്കബ്, മുന്‍ ദേശീയ ഫുട്ബോള്‍ താരവും ഗോള്‍ പദ്ധതി അംബാസിഡറുമായ പി.പി തോബിയാസ്, കടയിരിപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ നിഷി, ഹെഡ്മിസ്ട്രസ് വി. ജ്യോതി, മുന്‍ ദേശീയ അന്തര്‍ദേശീയ ഫുട്ബോള്‍ താരങ്ങളായിരുന്ന സേവ്യര്‍ പയസ്, റൂഫസ് ഡിസൂസ, തൃപ്പൂണിത്തുറ പോലീസ് ക്യാമ്പിലെ അസി. കമാന്ററും മുന്‍ ദേശീയ താരവുമായിരുന്ന കെ.എ ആന്‍സണ്‍, ഹെന്‍ട്രി ഷാജന്, എം.പി കലാധരന്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ജീമോന്‍ കടയിരിപ്പ്, പി.ടി.എ പ്രസിഡന്റ് എം.കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ സര്‍വ്വ ശിക്ഷ കേരളയുടെ സഹായത്തോടെ നിര്‍മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആയിരം കേന്ദ്രങ്ങളിലായി ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ വീതമുള്ള അഞ്ച് ഘട്ടങ്ങളിലായാണ് ഗോള്‍ പദ്ധതിയിലൂടെ പരിശീലനം നല്‍കുന്നത്. ഇതില്‍ നിന്നു തിരഞ്ഞെടുക്കുന്ന 100 കായിക പ്രതിഭകള്‍ക്കു പഠന ചെലവ്, താമസം, വിദേശ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലനം തുടങ്ങിയവ നല്കി മികച്ച ഫുട്ബോള്‍ താരങ്ങളായി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. ഐ.എം വിജയന്, ജോപോള്‍ അഞ്ചേരി, യു.ഷറഫലി, തോബിയാസ്, വി.പി സാലി തുടങ്ങിയ ഫുട്ബോള്‍ താരങ്ങളാണു നേതൃത്വം നല്‍കുന്നത്.