കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍

നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ


തിരുവനന്തപുരം:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരിശോധനകളില്‍ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകള്‍ പിടികൂടി .

രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും , തെറ്റായതുമായ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഇതുവഴി സര്‍ക്കാരിന് ലഭിച്ചു.

വിവിധ ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനകളും, സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക് നമ്പര്‍ പ്‌ളേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വൈലെന്‍സ് സ്‌ക്വാഡുകളുടെ പരിശോധനയും , കൂടാതെ പാഴ്‌സല്‍ ഏജന്‍സികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും കേസുകള്‍ പിടികൂടിയത്.ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയധികം ടെസ്റ്റ് പര്‍ച്ചേസുകള്‍ നടത്തുന്നത് . ഈ സാമ്പത്തിക വര്‍ഷവും ഇത്തരത്തില്‍ പരിശോധന തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ നടത്തിയ രഹസ്യ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 154 കട പരിശോധനകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടത്തി. ഇതേ തുടര്‍ന്ന് എടുത്ത 84 കേസുകളില്‍ നിന്ന് 15.37 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. ബിസിനസ്സ് ഇന്റലിജന്‍സ് ആന്‍ഡ് ഫ്രോഡ് അനലിറ്റിക്‌സ്, അനലിറ്റിക്‌സ് ഇന്‍സൈറ്റ് റിപ്പോര്‍ട്ട് തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ബിനാമി രജിസ്‌ട്രേഷന്‍, ബില്‍ ട്രേഡിങ്ങ്, സര്‍ക്കുലര്‍ ട്രേഡിങ്ങ്, വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള വെട്ടിപ്പുകള്‍ കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ , സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡോ. വീണ എന്‍. മാധവന്‍ , എന്നിവരുടെ നേതൃത്ത്വത്തില്‍, കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഇന്റലിജന്‍സ് ജോയിന്റ് കമ്മീഷണര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.