തൃശൂര്‍: കേരള സംഗീത നാടക അക്കാദമി 2023 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തിലേക്കുള്ള (ഇറ്റ്ഫോക്ക്) നാടകങ്ങള്‍ തെരഞ്ഞെടുത്തു. അന്തര്‍ദേശീയ വിഭാഗത്തിലേക്ക് പന്ത്രണ്ട് നാടകങ്ങളും ദേശീയവിഭാഗത്തില്‍ നാല് മലയാള നാടകങ്ങള്‍ ഉള്‍പ്പെടെ പതിനാല് നാടകങ്ങളുമാണ് തെരഞ്ഞെടുത്തത്. അന്തരിച്ച പ്രശസ്ത നാടക സംവിധായകന് പീറ്റര്‍ ബ്രൂക്കിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ടെംപസ്റ്റ് എന്ന നാടകവും നാടകോത്സവത്തില്‍ ഉണ്ടായിരിക്കും. ഒരു നൂറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള തെലുങ്കാനയിലെ സുരഭി തിയേറ്ററിന്റെ മായാബസാര്‍ എന്ന നാടകവും മേളയില്‍ അരങ്ങേറും. തെലുങ്കാന സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് മായാബാസാര് അരങ്ങേറുക. അന്തര്‍ദ്ദേശീയ വിഭാഗത്തിലേക്ക് ഇംഗ്ലണ്ടില്‍ നിന്നുള്ള ആന്റിഗണി, തായ്വാനില് നിന്നുള്ള ഹീറോ ബ്യൂട്ടി, ഫ്രാന്‍സില്‍ നിന്നുള്ള കാഫ്ക എന്നീ നാടകങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതുകൂടാതെ, ലോകസമകാലിക നാടകവിഭാഗത്തില്പ്പെടുന്ന ഒന്‍പത് നാടകങ്ങളും ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് നോമിനേറ്റ് ചെയ്യുകയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലില്‍ നിന്നുള്ള മ്യൂസിയം, ഡെന്മാര്ക്കില് നിന്നുള്ള ആവേ മരിയ, ഫ്രാന്‍സില്‍ നിന്നുള്ള ടെംപസ്റ്റ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സാംസണ്, ലെബനില്‍ നിന്നുള്ള ടോള്‍ഡ് ബൈ മദര്‍, ഇസ്രായേലില്‍ നിന്നുള്ള ടോണ്‍ഡ് ബിലീവ് മീ ഇഫ് ഐ ടോക്ക് എബൗട്ട് വാര്, താഷ്കെന്റില്‍ നിന്നുള്ള സെവന് മൂണ്‍സ്, പോളണ്ടില്‍ നിന്നുള്ള ത്രി എപ്പിസോഡ്സ് ഓഫ് ഫാമിലി ലൈഫ്, ഇറ്റലിയില്‍ നിന്നുള്ള തേര്‍ഡ് റെയ്ഷ് എന്നീ ഒന്‍പത് നാടകങ്ങളാണ് ഇറ്റ്ഫോക്കിലേക്ക് നോമിനേറ്റ് ചെയ്യുകയും ക്ഷണിക്കുകയും ചെയ്തിട്ടുള്ളത്. ആസ്സാമില്‍ നിന്നുള്ള റാദര്‍ റാഷി, ബിഹാറില്‍ നിന്നുള്ള ഫൗള്‍ പ്ലേ, കര്‍ണ്ണാടകയില്‍ നിന്നുള്ള ഡക്ലത്ത ദേവികാവ്യ, മഹാരാഷ്ടയില്‍ നിന്നുള്ള ടേക്കിങ് സൈഡ്സ്, ബ്ലാക്ക് ഹോള്‍, മണിപ്പൂരില്‍ നിന്നുള്ള പീതോടയ്, പോണ്ടിച്ചേരിയില്‍ നിന്നുള്ള ഫഌയിങ് ചാരിയറ്റ്സ്,തമിഴ്നാട്ടില്‍നിന്നുള്ള ഇടക്കിനി കഥായാരഥം, ഡല്‍ഹിയില്‍ നിന്നുള്ള ഫോര്‍ ദി റേക്കോഡ് എന്നീ നാടകങ്ങളും മലയാളത്തില്‍ നിന്ന് ആര്‍ട്ടിക്ക്, കക്കുകളി, നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ , സോവിയറ്റ് സ്റ്റേഷന് കടവ് എന്നീ നാടകങ്ങളുമാണ് ദേശീയ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് 63 എന്‍ട്രികളാണ് ഇറ്റ്ഫോക്കിലേക്ക് ലഭിച്ചത്. അനുരാധ കപൂര്‍, ദീപന് ശിവരാമന്,ബി അനന്തകൃഷ്ണന് എന്നിവരടങ്ങിയ ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് ആണ് നാടകങ്ങള്‍ തെരഞ്ഞെടുത്തത്. ഫെബ്രുവരി 5 മുതല്‍ 14 വരെയാണ് ഇറ്റ്ഫോക്ക് 2023 നടക്കുന്നത്.അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി,പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍ കുമാര്‍, ഇറ്റ്്്ഫോക്ക് കോഓര്‍ഡിനേറ്റര്‍ ശശികുമാര്‍ വി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.