തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ്.വി. ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ചടങ്ങില്‍ വായിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ബിനോയ് വിശ്വം എംപി, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് അനു ശിവരാമന്, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് പി. സോമരാജന്, ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബെച്ചു കുര്യന് ജോസഫ്, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് ബസന്ത് ബാലാജി, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ. ചലമേശ്വര്‍, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരന്, എ.ജി.ഡി.പി. അജിത് കുമാര്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി വി. ഹരിനായര്‍, ചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.