ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും
ഹവാന: കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണ്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികളും ഉള്‍പ്പെടെ കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഗ്വേല്‍ ഡിയാസ് കനാലിന് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരളത്തിന് ക്യൂബയോടുള്ള ആഴത്തിലുള്ള മമതയും വിപ്ലവനായകന്മാരായ ഫിഡല്‍ കാസ്‌ട്രോയോടും ചെ ഗുവേരയോടുമുള്ള ആരാധനയും അദ്ദേഹം ക്യൂബന്‍ പ്രസിഡന്റിനെ അറിയിച്ചു. 1994 ല്‍ അന്താരാഷ്ട്ര ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിനായി ഹവാന സന്ദര്‍ശിച്ച കാര്യവും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.
വ്യാപാരം, വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണത്തിന് സാധ്യതയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്.
പൊതുജനാരോഗ്യ രംഗത്തും, വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടതാണ്. ബയോ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തും വലിയ പുരോഗതി ക്യൂബ നേടിയിട്ടുണ്ട്. ഈ മേഖലകളില്‍ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ആരോഗ്യ വിദഗ്ധര്‍ക്കുള്ള പരിശീലന പരിപാടികള്‍, ഗവേഷണ പരിപാടികള്‍ തുടങ്ങി ക്യൂബയുമായി ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകള്‍ ധാരാളമാണ്.
കായിക രംഗത്തെ സഹകരണമാണ് കൂടിക്കാഴ്ചയിലുയര്‍ന്ന മറ്റൊരു വിഷയം. വോളീബോള്‍, ജൂഡോ, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മേഖലകളില്‍ ക്യൂബയുണ്ടാക്കിയ അന്താരാഷ്ട്ര നേട്ടങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിന്റെ കായിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഈ മേഖലകളിലെ സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ വ്യാപാര രംഗത്തും വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ സഹകരണസാധ്യതകളും ചര്‍ച്ചയിലുയര്‍ന്നു. ഇതുവഴി സമഗ്രവും ഊഷ്മളവും ക്രിയാത്മകവുമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ അറിയിക്കുകയുണ്ടായി. ഇതിനായി എല്ലാവിധ സഹകരണവും ക്യൂബന്‍ പ്രസിഡന്റ് ഉറപ്പുനല്‍കി.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വീണ ജോര്‍ജ് , ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.
പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ് റിസര്‍ച്ച്, മോളിക്യുലാര്‍ ഇമ്മ്യൂണോളജി, കാന്‍സര്‍ ചികിത്സ തുടങ്ങിയ മേഖലകളില്‍ ലോകപ്രശസ്തമായ ക്യൂബന്‍ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ചയില്‍ സൂചിപ്പിച്ചു.
അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ ക്യൂബന്‍ ബയോടെക്‌നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍സും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകര്‍ഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക.
ആരോഗ്യ അനുബന്ധ മേഖകളില്‍ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാര്‍മയുമായി സഹകരിച്ച് കേരളത്തില്‍ ഒരു വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കും. വാര്‍ഷിക ശില്‍പശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീര്‍ഘമായി നിലനിര്‍ത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തുടര്‍ നടപടികള്‍ക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.
ആരോഗ്യ, ഗവേഷണ, നിര്‍മ്മാണ രംഗത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും സംസാരിച്ചു.
ബയോക്യൂബഫാര്‍മ പ്രസിഡന്റ് എഡ്വാര്‍ഡോ മാര്‍ട്ടിനെസ് ഡിയസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സസ്  ഡയറക്ടര്‍ ജനറല്‍ ഡോ. മിച്ചല്‍ വാല്‍ഡെസ് സോസ, സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ഇമ്മ്യൂണോളജി  ഡയറക്ടര്‍ ജനറല്‍ എഡ്വാര്‍ഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
മന്ത്രി കെ എന്‍ ബാലഗോപാല്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.