കേരള സവാരി ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സംവിധാനം കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

കൊച്ചി: തൊഴില്‍ വകുപ്പിന്റെ കീഴില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സംവിധാനം കൊച്ചി, തൃശൂര്‍ നഗരങ്ങളിലും ആരംഭിക്കുന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍, പൊലീസ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി, പ്ലാനിംഗ് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍ വകുപ്പിന്റെ കീഴിലാണ് നഗരമേഖലയില്‍ ആദ്യം നടപ്പിലാക്കുന്നത്. സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐയാണ്.ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ചൂഷണത്തില്‍ നിന്നും ഓട്ടോ, ടാക്‌സി തൊഴിലാളികളെ സംരക്ഷിച്ച് മാന്യമായ സ്ഥിര വരുമാനം ഉറപ്പാക്കും. അതോടൊപ്പം തര്‍ക്കങ്ങളില്ലാത്തതും സുരക്ഷിതവുമായ യാത്ര എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഓട്ടോ, ടാക്‌സി െ്രെഡവര്‍മാര്‍ക്ക് പരിശീലനം നല്‍കും. എറണാകുളത്ത് ഈ മാസം 28നും തൃശൂരില്‍ മേയ് 9നുമാണ് പരിശീലനം. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നല്‍കും. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ചു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വെഹിക്കിള്‍, ലേബര്‍, പൊലീസ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി, നാറ്റ്പാക് എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങളാണ്. ഫ്‌ളെക്‌സിബിള്‍ ആയിട്ടുള്ള റേറ്റ് സര്‍ക്കാര്‍തലത്തില്‍ തീരുമാനിക്കും. പദ്ധതിയെക്കുറിച്ച് ആവശ്യമായ പ്രചാരണവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി റേഞ്ച് ഡിഐജി ഡോ.എ.ശ്രീനിവാസ്, തൃശൂര്‍ ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, കൊച്ചി സിറ്റി പോലീസ് ഡെപ്യുട്ടി കമ്മീഷണര്‍ ടി.ബിജു ഭാസ്‌ക്കര്‍, ലേബര്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി. ലാല്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ കെ.ശ്രീലാല്‍, രഞ്ജിത് മനോഹര്‍, കെ.എം സുനില്‍, മറ്റ് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.