സംസ്ഥാന തല പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയിന്‍കീഴ് ജിഎല്‍പിബി സ്കൂളില്‍ നടന്ന ചടങ്ങില്‍ നവാഗതര്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും സ്കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം കേരളത്തിലാകെയുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റമുണ്ടാക്കിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസില്‍ പ്രവേശിക്കുന്നവര്‍ക്ക് പുതിയ അന്തരീക്ഷവുമായി ഇണങ്ങുന്നതിന് താമസം നേരിടുക സ്വാഭാവികമാണ്. എന്നാല്‍ ഇന്ന് വിശിഷ്ട വ്യക്തികളായാണ് നവാഗതര്‍ എത്തുന്നത്. ഈ പ്രവേശനോത്സവത്തില്‍ ആഹ്ലാദകരമായ ചുറ്റുപാടില്‍ കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന വിദ്യാര്‍ഥികളില്‍ മനോവിഷമം കാണുന്നില്ല. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം കുഞ്ഞു മനസിലടക്കം സന്തോഷവും ഉണര്‍വും സൃഷ്ടിച്ചത് കാണാന്‍ കഴിയും. ഇത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല പ്രയാസങ്ങള്‍ അനുഭവിച്ച വിദ്യാലയങ്ങള്‍ സംസ്ഥാനത്തുടനീളമുണ്ടായിരുന്നു. കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണി നടത്താതെയും അപകടാവസ്ഥയിലായിരുന്ന വിദ്യാലയങ്ങളായിരുന്നു പലതും. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം മികച്ച കെട്ടിടങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. ഈ നാടും നാട്ടുകാരും പൂര്‍വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എസ്.എം.സി. യും ഈ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനൊപ്പം അണിനിരന്നു. 5 ലക്ഷം പേര് കൊഴിഞ്ഞു പോയ പൊതു വിദ്യാലയങ്ങള്‍ വല്ലാത്ത നീറ്റലായിനിന്ന കാലത്തുനിന്നു വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് തിരികെയെത്തുന്ന സാഹചര്യം കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ടുണ്ടായി. അവര്‍ക്കെല്ലാം പാഠ പുസ്തകങ്ങളും യൂണിഫോമും കൃത്യമായി വിതരണം ചെയ്യാനും സാധിക്കുന്നു. കരുതലോടെയാണ് വിദ്യാഭ്യാസ മേഖലയെ സംസ്ഥാന ഗവണ്മെന്റ് കാണുന്നത്. അക്കാദമിക തലത്തിലും ഈ മാറ്റം നമുക്ക് കാണാന്‍ കഴിയും. ലാബ്, ലൈബ്രറി, സ്മാര്‍ട്ട് റൂം എന്നിവ സജ്ജമാക്കി.
കോവിഡ്കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു യോജ്യമായ സൗകര്യങ്ങളും അക്കാദമിക സാഹചര്യവും സൃഷ്ടിച്ചു. മലയോര ആദിവാസിമേഖലകളിലടക്കം ഈ സൗകര്യം ലഭ്യമാക്കി പ്രതിബന്ധങ്ങളിലും പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു.
അധ്യാപകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ള കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്. അക്കാദമിക നിലവാരത്തോടൊപ്പം വിദ്യാര്‍ത്ഥികളുമായി ആത്മബന്ധം നിലനിര്‍ത്താനും അധ്യാപകര്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികളിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അതിനനുസൃതമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. മെന്റര്‍ഷിപ്പ് അടക്കമുള്ള പരിപാടികള്‍ നടപ്പിലാക്കുന്നത് ഇതിന്റെ ഭാഗമാണ്.
അറിവ് സമ്പാദിക്കാനുള്ള എല്ലാ സൗകര്യവും ഗവണ്മെന്റ് ഉറപ്പ് നല്കുന്ന ഈ സാഹചര്യത്തില്‍ നല്ല രീതിയില്‍ വിദ്യാഭ്യാസ കാലഘട്ടത്തെ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കണം. നല്ലതിനൊപ്പം ചേരാനും നല്ലതല്ലാത്തത് തിരിച്ചറിയാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. ലഹരിയടക്കമുളള സാമൂഹിക തിന്മകളെ ജീവിതത്തില്‍ നിന്നൊഴിവാക്കി സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളര്‍ന്നു വരാന്‍ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അറിവും കഴിവും ആത്മവിശ്വാസവും കുട്ടികളില്‍ വളര്‍ത്തുന്നതോടൊപ്പം പരസ്പര സഹകരണവും സഹവര്‍ത്തിത്തവും നീതിയും ജനാധിപത്യവും മതനിരപേക്ഷതയും ജീവിത രീതിയാക്കുന്ന സമൂഹത്തെ വളര്‍ത്തി എടുക്കാനുള്ള വിദ്യാഭ്യാസമാകണം നാം ലക്ഷ്യമിടേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി പറഞ്ഞു. പ്ലാന്‍ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവില്‍ ആയിരത്തി മുന്നൂറോളം സ്കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനായെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ 2023 24 അദ്ധ്യയന വര്‍ഷത്തെ കലണ്ടര്‍ മന്ത്രി വി ശിവന് കുട്ടി പ്രകാശനം ചെയ്തു. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. ഹലോ ഇംഗ്ലീഷ് കിഡ്സ് ലൈബ്രറി ബുക് സീരീസ് ഐ.ബി. സതീഷ് എം.എല്‍.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ വിശിഷ്ടാതിഥിയായി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മലയന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വല്‍സല കുമാരി എന്നിവര്‍ സംബന്ധിച്ചു. മന്ത്രി വി ശിവന് കുട്ടിയുടെ നേതൃത്വത്തില്‍ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കിയാണ് സ്വീകരിച്ചത്.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പ് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം അരങ്ങേറി. ഇതിന് പുറമെ സ്കൂള്‍ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചു.