ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കുന്നതില്‍ കരുത്ത് തെളിയിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് വിഎസ്ടിയുടെ ബിന്‍-19

 

കൊച്ചി: ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കാനും അണുവിമുക്തമാക്കാനും ഉപകരണം വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി കരുത്ത് തെളിയിക്കുന്നു. കൊവിഡ്-19 രണ്ടാം തരംഗത്തിന്റ പശ്ചാത്തലത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സിന്റെ ഉപകരണം ശ്രദ്ധേയമാകുന്നത്.സന്നദ്ധ പ്രവര്‍ത്തന ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ല ഭരണകൂടങ്ങളുടേയും ഓഫീസുകളില്‍ ബിന്‍-19 വിജയകരമായി സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രികളിലെ മാസ്‌ക് അണുവിമുക്തമാക്കുന്നതിനുവേണ്ടി യൂറോപ്പിലെ മാസ്‌ക് ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയില്‍ നിന്നും ഇതിനായി വിഎസ്ടിക്ക് അടുത്തിടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപയുക്തമാക്കി ബിന്‍-19 വികസിപ്പിച്ചത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പകരുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുന്നതോടൊപ്പം കൊവിഡ് മാലിന്യം കൈകൊര്യം ചെയ്യുന്നതിലും ഇത് നിര്‍ണായകമായതായി വിദഗ്ധര്‍ പറഞ്ഞു. മാലിന്യ ശേഖരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൊവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനും ബിന്‍-19 പ്രധാന പങ്ക് വഹിക്കുന്നതായി അധികൃതര്‍ പറഞ്ഞു. എല്ലാ മേഖലകളിലും ഈ മെഡിക്കല്‍ ഉപകരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഉപയോഗിച്ച മാസ്‌കുകളെ ബിന്‍-19 ന്റെ ചേമ്പറില്‍ നിക്ഷേപിക്കുമ്പോള്‍ തന്നെ അണുവിമുക്തമാക്കുകയും ബിന്നിനകത്തുള്ള മറ്റൊരു അറയില്‍ അണുവിമുക്തമാക്കിയ മാസ്‌കുകള്‍ എത്തുകയും ചെയ്യുന്നു. മാസ്‌ക് നിക്ഷേപിക്കുന്നവര്‍ക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറിന്റെ സഹായത്തോടെ കൈകള്‍ അണുവിമുക്തമാക്കാനാകും. ഇത്തരം പ്രക്രിയകളെല്ലാം ഓട്ടോമാറ്റിക്കായാണ് നടക്കുന്നത്.
ഐഒടിയുടെ സഹായത്താല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ബിന്നിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സ്റ്റാറ്റസുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് വെബ് പോര്‍ട്ടലുമുണ്ട്. ബിന്‍-19 പ്രവര്‍ത്തന ക്ഷമമാകുമ്പോഴും ബോക്‌സ് തുറക്കുമ്പോഴും ഓഫ് ആകുമ്പോഴുമെല്ലാം മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം ഈ ഉപകരണത്തിനുണ്ടെന്നും വിഎസ്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അല്‍വിന്‍ ജോര്‍ജ് പറഞ്ഞു.ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തിനുവേണ്ട സോഫ്‌റ്റ്വെയര്‍-ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ടെലിമാറ്റിക് പ്ലാറ്റ്‌ഫോമും വിഎസ്ടിക്ക് ഉണ്ട്.