ശാരീരിക ക്ഷമതയുള്ള സമൂഹസൃഷ്ടിക്കു തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്തും: മന്ത്രി വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: ശാരീരിക ക്ഷമതയുള്ള സമൂഹ സൃഷ്ടിക്കായി പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്തുമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ‘തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതലകളും സാധ്യതകളും’ എന്ന വിഷയത്തില്‍ കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക ക്ഷമതാ പ്രവര്‍ത്തനങ്ങളുടെ കുറവാണു സംസ്ഥാനത്തു ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിനു പ്രധാന കാരണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ ഫലപ്രദമായി നേരിടുകയെന്നതാണു പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരണത്തിന്റെ ലക്ഷ്യം. സംസ്ഥാനം കായിക രംഗത്തു മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും മത്സരങ്ങള്‍ക്കായി മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനപ്പുറത്തേക്കു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്നു സംശയമാണ്. പൗരന്മാരില്‍ മികച്ച കായികക്ഷമത സൃഷ്ടിക്കുകയെന്നതും കായിക മേഖലയുടെ ഉത്തരവാദിത്തമാണ്. ഇതു കൃത്യമായി നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണു പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
കായിക മേഖലയുടെ അഭിവൃദ്ധിക്കായി സര്‍ക്കാര്‍ വൈവിധ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായി കായിക പരിശീലനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളങ്ങളെങ്കിലും നിര്‍മിച്ചെടുക്കുകയെന്ന പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് 450 ഓളം പഞ്ചായത്തുകള്‍ക്ക് സ്വന്തമായി കളിക്കളമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചുകഴിഞ്ഞു. എല്ലാ ജില്ലകളിലും ജില്ലാ സ്‌റ്റേഡിയങ്ങളും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും നിര്‍മിക്കുന്നതും സജീവമായി മുന്നോട്ടുപോകുന്നു. പ്രാദേശികതലത്തില്‍ കായിക പദ്ധതികളുടെ പ്രോത്സാഹനത്തിന് കായിക വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തം നിലയ്ക്കുള്ള സഹായങ്ങള്‍ നല്‍കണമെന്നു മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ കായിക മേഖലയ്ക്കു വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രാദേശിക തലത്തില്‍ നീന്തല്‍ പരിശീലനത്തിനു തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ശക്തമായ പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി അധ്യക്ഷത വഹിച്ചു. കേരള മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ പ്രസിഡന്റ് എം. കൃഷ്ണദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം.ആര്‍. രഞ്ജിത്ത്, സെക്രട്ടറി എ. ലീന, കെ.എസ്.എസ്.സി. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ.സി. ലേഖ, തിരുവനന്തപുരം ജില്ലാ പ്ലാനിങ് ഓഫിസര്‍ പി.എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.