സ്‌കൂളുകളില്‍ ഭക്ഷ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ എല്‍.പി.എസില്‍ പരിശോധന നടത്തി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാറിനൊപ്പമാണ് മന്ത്രി ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ മുറി, അരിയുടെ നിലവാരം എന്നിവ പരിശോധിച്ച മന്ത്രി കുട്ടികള്‍ക്കൊപ്പം ഉച്ച ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
നിലവില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച അരിയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നൂറുക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന തലസ്ഥാനത്തെ പ്രമുഖ സ്‌കൂളായ കോട്ടന്‍ഹില്ലില്‍ ചോറിനൊപ്പം മോരുകറിയും അവിയലും അച്ചാറുമൊക്കെയായിരുന്നു വിഭവങ്ങള്‍. പാചകപ്പുരയും മറ്റ് സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനാവശ്യമായ തൊഴിലാളികളുടെ അഭാവവും സ്ഥലപരിമിതിയും മന്ത്രി നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു. സ്‌കൂളിന് സമീപത്തെ നടക്കുന്ന പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സുഗമമായ രീതിയില്‍ പാചകപ്പുരയും ഊണുപുരയും ഒരുക്കാന്‍ സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് റഫീക്കാ ബീവി മന്ത്രിയോട് പറഞ്ഞു.
വിദ്യാലയങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തി വരികയാണ്. സ്‌കൂളുകളിലെ പരിശോധനകള്‍ തുടരും. ടീച്ചര്‍മാരും പിടിഎയും തങ്ങളുടെ സ്‌കൂളുകളില്‍ ശോചനീയാവസ്ഥയുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കണം. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ വൃത്തിയിലോ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ഭക്ഷ്യശോചനീയാവസ്ഥയ്ക്ക് കാരണക്കാരാകുന്നവര്‍ക്ക് കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.