ബി ജെ പി രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നു: ശരദ് പവാര്‍

 

കേരള ഘടകത്തില്‍ അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് പ്രഫുല്‍ പട്ടേല്‍

കൊച്ചി: വര്‍ഗീയ ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുകയാണെന്നും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇത്തരം ശക്തികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പവാര്‍. കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് പ്രസംഗത്തിലുടനീളം പവാര്‍ നടത്തിയത്. കശ്മീര്‍ ഫയല്‍സ് ചിത്രത്തിലൂടെ രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമം നടന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി അണിയറപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ട്. സിനിമക്ക് പ്രചാരം നല്‍കിയത് അവരാണെന്നും ശരദ് പവാര്‍ ആരോപിച്ചു. കശ്മീരിലെ ഹിന്ദുക്കളെയും മുസ് ലിംങ്ങളെയും ഭിന്നിപ്പിക്കാനുള്ള ഹീനമായ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. രാഷ്ട്രീയവും മതപരവുമായ വേര്‍തിരിവാണ് ബി ജെ പി ആഗ്രഹിക്കുന്നത്. അയോധ്യ പ്രശ്‌നം പരിഹരിച്ചാല്‍ രാജ്യത്ത് സമാധാനം ഉണ്ടാകുമെന്ന് വിശ്വസിച്ചു.എന്നാല്‍ അയോധ്യയില്‍ പുതിയ പ്രശ്‌നം ഉണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കുന്നു. വാരാണസിയില്‍ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വര്‍ഷമായി പള്ളി പ്രശ്‌നമായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ അത് പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നു. അയോധ്യക്ക് ശേഷം വാരാണസി പുതിയ പ്രശ്‌നമാക്കി ഉയര്‍ത്താന്‍ ബി ജെ പി ശ്രമിക്കുന്നു.താജ്മഹലും കുത്തബ് മിനാറും ഉയര്‍ത്തി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തി. ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുകയാണ് ബി ജെ പി ലക്ഷ്യം. ഇന്ധന വിലവര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ ജനശ്രദ്ധ തിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ബി ജെ പി നടത്തുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് രാജ്യത്തെ അടിയറ വെയ്ക്കുകയാണെന്നും പവാര്‍ ആരോപിച്ചു. മതേതര പാര്‍ട്ടികളെ അണിനിരത്തി ബി ജെ പിക്കെതിരായ പോരാട്ടത്തിന് എന്‍ സി പി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയില്‍ അംഗബലം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ പാര്‍ട്ടി ഏറെ മാറിയിരിക്കുന്നുവെന്നും ഇതിനായി പ്രയത്‌നിക്കുന്ന സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ അഭിനന്ദിക്കുന്നതായും ശരദ് പവാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നേതൃത്വത്തിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണരുതെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ ഉന്നയിക്കണം. മുതിര്‍ന്ന നേതാക്കള്‍ ഇതിനായി ഇടപെടണം. പരാതിയുമായി ആരും മാധ്യമങ്ങള്‍ക്ക് മുന്നിലേക്കോ പൊതുജനങ്ങള്‍ക്ക് മുന്നിലേക്കോ അല്ല പോകേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്.എന്നാല്‍ ഇത് പാര്‍ട്ടി ഫോറങ്ങളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എതിരാളികള്‍ പോലും അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി കേരളത്തിലെ എന്‍ സി പി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രന്‍, എന്‍ സി പി ദേശീയ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍, മുഹമ്മദ് ഫൈസല്‍ എം.പി, തോമസ് കെ തോമസ് എം.എല്‍.എ, സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, ട്രഷറര്‍ പി.ജെ കുഞ്ഞുമോന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജന്‍ രാഷ്ട്രീയ നയരേഖ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. സുരേഷ് ബാബു, പി.കെ. രാജന്‍മാസ്റ്റര്‍, ലതിക സുഭാഷ് തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.