കൊല്ലം: ഏറ്റവും പുതിയ അറിവുകൾ ആരോഗ്യമേഖലയിൽ കൃത്യമായി എങ്ങനെ പ്രയോഗവൽക്കരിക്കാനാവും എന്നതാണ് പ്രധാനമെന്ന് ധന മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ഇഎൻടി സർജൻമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഓട്ടോലറിങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ(എ.ഒ.ഐ) യുടെ 21–-ാമത് സംസ്ഥാന വാർഷിക സമ്മേളനം (കെന്റ്കോൺ–-2023) കൊല്ലത്ത് ദി ലീല അഷ്ടമുടി റാവിസ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തും അറിവും ഗവേഷണവുമാണ് പ്രധാനം. അത്തരം ഗവേഷണത്തിലൂടെ കണ്ടെത്തുന്ന പുതിയ സംവിധാനങ്ങളും സാങ്കേതികത്വവും സാധാരണ ജനങ്ങൾക്ക് എങ്ങനെ പ്രാപ്യമാകും എന്നതിലാണ് കാര്യമുള്ളത്. പ്രമുഖ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംങ് കവിൾ പേശി ചലിപ്പിച്ചുള്ള തരംഗങ്ങളാണ് അവസാന കാലത്ത് ആശയ വിനിമയത്തിനായി വിനിയോഗിച്ചത്. ഇന്ന് ആ കണ്ടുപിടിത്തം സംസാര ശേഷിയില്ലാത്ത സാധാരണക്കാരായ കുട്ടികൾക്കുപോലും ലഭ്യമാകുന്നുണ്ട്. കേരളത്തിൽ ശ്രുതി തരംഗം പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
അസോസിയേഷൻ കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ. അരുൺകുമാർ പി.ടി. അധ്യക്ഷനായി. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ കേരള ബ്രാഞ്ച് പ്രസിഡന്റായി തെരഞ്ഞെടുത്ത ഡോ. സുനിൽ.ജെയുടെ സ്ഥാനാരോഹണം നടന്നു. മികച്ച അസോസിയേഷൻ ബ്രാഞ്ചിനും മികച്ച എംഎസ്, ഡിഎൽഒ വിദ്യാർഥിക്കുമുള്ള അവാർഡും ഫെല്ലൊഷിപ്പ് ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റും വിതരണംചെയ്തു. ഡോ. ജയകുമാർ.ആർ മേനാൻ രചിച്ച ‘സ്വാളോയിങ് തെറാപ്പി സിംപ്ലിഫൈഡ്’ എന്ന പുസ്തകം എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രകാശിപ്പിച്ചു.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹ്, ഡോ. ജയകുമാർ ആർ. മേനോൻ, ഡോ.ജെ. സുനിൽ, ഡോ. പി.ടി അരുൺകുമാർ, ഡോ. ഇ. രമേശ് കുമാർ, ഡോ. അശ്വിൻ രാജഗോപാൽ, ഡോ. പി. ഷാജിദ്, ഡോ. രഞ്ജിത കൃഷ്ണൻ, ഡോ. അനീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സമ്മേളനം ഞായറാഴ്ച സമാപിക്കും.