തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കേരള വനിതാ കമ്മിഷന്‍ എന്നിവര്‍ സംയുക്തമായി ‘പെണ്‍പകല്‍’ എന്ന പേരില്‍ സ്ത്രീ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും പോറലേല്‍ക്കാത്ത സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വനിതാകമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീപക്ഷ നവകേരളം സാധ്യമായാല്‍ മാത്രമേ ഉദാത്തമായ നവകേരളം രൂപപ്പെടുത്താനാകൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് സംരക്ഷണം വേണ്ടത് സഹജീവികളില്‍ നിന്നാണ്, സ്ത്രീകള്‍ അനുഭവിക്കുന്ന നാനാവിധമുള്ള പ്രശ്‌നങ്ങള്‍ക്ക് പുരുഷന്‍മാര്‍ മാത്രമാണ് കാരണക്കാര്‍ എന്ന് പറയാനാകില്ല. സ്ത്രീകള്‍ക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്ത് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സംരക്ഷണത്തിനായി വിവിധ കാലഘട്ടങ്ങളില്‍ രൂപപ്പെട്ട നിയമങ്ങളും ഇതിന് വഴിതെളിച്ച വിവാദ സംഭവങ്ങളും സെമിനാറില്‍ വിവരിച്ചു. ‘നീതിയുടേയും സ്വാതന്ത്ര്യത്തിന്റെയും അവകാശികള്‍’ എന്ന വിഷയത്തില്‍ എഴുത്തുകാരി സി.എസ് ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍ അധ്യക്ഷനായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി പ്രിയദര്‍ശന്‍ പി.എസ്, വനിതാ കമ്മിഷന്‍ മെംബര്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.