തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും.
കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി അവിടെനിന്നു വിമാന മാര്‍ഗം നാളെ രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, സതേണ്‍ എയര്‍ കമാന്‍ഡ് എ.വി.എസ്.എം. എയര്‍ മാര്‍ഷല്‍ എസ്.കെ. ഇന്‍ഡോറ തുടങ്ങിയവര്‍ ചേര്‍ന്ന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്നു റോഡ് മാര്‍ഗം 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്യും.
രാവിലെ 11.00ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കും. ദിണ്ടിഗുല്‍ പളനി പാലക്കാട് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വേസ്‌റ്റേഷന്‍ വികസനപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം, നേമം കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം ഷൊര്‍ണൂര്‍ പാതയുടെ വേഗം വര്‍ധിപ്പിക്കുന്നതിന്റേയും ശിലാസ്ഥാപനം എന്നിവയും അദ്ദേഹം നിര്‍വഹിക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, ആന്റണി രാജു, ശശി തരൂര്‍ എം.പി. എന്നിവര്‍ പങ്കെടുക്കും.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങിനു ശേഷം ഉച്ചയ്ക്ക് 12.20നു വേദിയില്‍നിന്ന് വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാനമന്ത്രി 12.40ന് സൂററ്റിലേക്കു തിരിക്കും.