തിരുവനന്തപുരം: സംസ്ഥാനത്തെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം, പരിസ്ഥിതി, അടിയൊഴുക്ക്, തീരശോഷണം, മലിനീകരണം തുടങ്ങിയവ നേരിട്ടു മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ സംസ്ഥാന ഹൈഡ്രോഗ്രഫിക് സര്‍വെ വിഭാഗം ആവിഷ്കരിച്ച ജലനേത്ര ഡിജിറ്റല്‍ ഭൂപടം ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഹൈഡ്രോഗ്രഫി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കടല്‍ത്തീരത്തിന്റെയും 44 നദികളുടേയും തടാകങ്ങള്‍, പുഴകള്‍ തുടങ്ങിയ ജലാശയങ്ങളുടേയും അനുബന്ധ ജലാശയങ്ങളുടേയും അടിത്തട്ടിന്റെ നേര്‍ച്ചിത്രമാണു ജലനേത്രയിലൂടെ ലഭിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ സമ്പൂര്‍ണ മാപ്പിങ് രാജ്യത്തുതന്നെ ആദ്യമാണ്. ഉള്‍നാടന്‍ ജലാശയങ്ങളേയും സമുദ്ര തീരങ്ങളേയും പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം, പ്രളയം, സമുദ്രോപരിതല ജലത്തിന്റെ ഉയര്‍ച്ച, തീരശോഷണം തുടങ്ങിയ പ്രതിസന്ധികളെ ഫലപ്രദമായി നേരിടേണ്ടതായുണ്ട്. ഇതിന് ഈ മേഖലയില്‍ കൂടുതല്‍ പര്യവേഷണം ആവശ്യമാണ്. ജലനേത്രയുടെ ഭാഗമായി ശേഖരിച്ച ഡാറ്റകള്‍ ഈ രംഗത്തു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി ഡിജിറ്റലാകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനീയേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, പി. നന്ദകുമാര്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള, സംസ്ഥാന കോസ്റ്റല്‍ എരിയ ഡെവലപ്മെന്റ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത്, ചീഫ് ഹൈഡ്രോഗ്രാഫര്‍ വി. ജിറോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.