ഒരുക്കങ്ങൾ പൂർണ്ണം; ചലച്ചിത്ര മേളക്ക് ഇനി രണ്ട് നാൾ



തിരുവനന്തപുരം: ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി.

പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്.2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി.മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ   സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം .ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4K സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്.മേളയുടെ ഉദ്ഘാടന സമാപനചടങ്ങുകളും നിശാ ഗന്ധിയിൽ നടക്കും.