തിരുവനന്തപുരം: രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീര്‍ത്തും അസാധാരണമായ ഒരനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്. . കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന് അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവര്‍ണര്‍ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു പറഞ്ഞു എന്ന പ്രത്യേകതയാണ് കാണാനാവുക. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിയോജിപ്പുകള്‍ അറിയിക്കുകയും ചെയ്യാം. അതിനു പകരം ഇത്തരം പരസ്യ നിലപാടുകള്‍ എടുത്തത് കൊണ്ടാണ്, ഇവിടെ ഈ വിഷയം പരാമര്‍ശിക്കേണ്ടി വരുന്നത്.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. ഭരണനിര്‍വഹണ അധികാരം (എക്സിക്യൂട്ടീവ് പവര്‍) തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്. 1974 ലെ ഷംഷേര്‍സിങ്ങ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ലെന്നും ഈ കേസിന്റെ വിധിന്യായത്തില്‍ സ്പഷ്ടമാക്കുന്നുണ്ട്.
രാജ്യത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച സര്‍ക്കാരിയാ കമ്മീഷന് 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത് ഗവര്‍ണര്‍ ഒരു ഡിറ്റാച്ഡ് ഫിഗര്‍ ആവണമെന്നാണ്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത, ഭരണ പാര്‍ട്ടിയില്‍ അംഗമല്ലാത്ത ആളാവണം എന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്നത് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഹര്‍ഗോവിന്ദ് പന്ത് ് െരഘുകുല് തിലക് കേസില്‍ ഗവര്‍ണര്‍ കേന്ദ്ര ഗവണ്മെന്റെ ജീവനക്കാരന്/ഏജന്റ് അല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത്തരം കോടതി വിധികളും ഭരണഘടനാ കണ്‍വെന്‍ഷനുകളും കാറ്റില്‍ പറത്തുന്ന അനുഭവം വിപത്കരമാണ്.
അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രശംസയും സ്നേഹവും വാരിക്കോരി നല്‍കിയത് ആര് എസ് എസിനാണ്. ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ട്. ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതില്‍ നിന്നും വിപരീതമായി ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണ്.
1986 മുതല്‍ തന്നെ തനിക്ക് ആര് എസ് എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് ശേഷം 1990 ല്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല് കമ്മീഷന് വിഷയമടക്കം ഉയര്‍ത്തിയാണ് ആര്‍എസ്എസ് വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്. താന്‍ മന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആര്‍എസ്എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം എന്നല്ലേ ഇതിനര്‍ത്ഥം? ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവര്‍ണര്‍ എക്കാലത്തും കേരളത്തിന്റെരാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണ്. അത് ജനാധിപത്യ ബോധവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവും ഉള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല.
1963 ല്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ആര്‍എസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തന്റെ ആര് എസ് എസ് ബന്ധം ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ഒരു വാദം. ഇത് വസ്തുതാപരമാണോ? ആര്‍എസ്എസ് അത്തരത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ല്‍ ഇന്ത്യടുഡേ നല്കിയ വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരം. ബിജെപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്, ആര്‍എസ്എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തതിന്റെ രേഖകള്‍ ലഭ്യമല്ല എന്നാണ്. സംഘപരിവാറിന്റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെമ്പാടും ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലെ ഒരു പ്രധാന ഘടകം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി അവിടുത്തെ നിയമസഭ കൊണ്ടുവരികയുണ്ടായി. അതില്‍ ഗവര്‍ണര്‍ ഇതുവരെയും ഒപ്പിട്ടിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കുന്ന നിയമം രാജസ്ഥാന് സര്‍ക്കാര്‍ പാസാക്കിയെങ്കിലും അവിടെയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുക, അത് വഴി തങ്ങള്‍ക്കാവശ്യമുള്ള ചരിത്രം ഇന്ത്യയില്‍ തങ്ങളുടേതായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട. അതിന്റെ രാഷ്ട്രീയ പരീക്ഷണശാലകളാണ് അവരെ സംബന്ധിച്ചിടത്തോളം സര്‍വകലാശാലകള്‍. രാജസ്ഥാനില്‍, തമിഴ്നാട്ടില്‍ ,ബംഗാളില്‍ എല്ലാം ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ബന്ധമുള്ള വിസിമാരെ നിയമിക്കാനാണ് ശ്രമം. അതിനാണ് നിരന്തരമായി സംസ്ഥാന സര്‍ക്കാരുകളുമായി അലോസരമുണ്ടാക്കുന്നത്.
ഏറ്റവുമൊടുവില്‍ കേരള സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വിസിയെ നിയമിക്കാന്‍ ശ്രമം നടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളെ പിന്‍സീറ്റ് െ്രെഡവിംഗ് നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെയാണ് ഇവിടെ എതിര്‍ക്കുന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ പരീക്ഷണശാലയാവാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണമോ? അതോ നെഞ്ചുവിരിച്ചു നിന്ന് പോരാടണമോ എന്ന സമസ്യയില്‍ പോരാട്ടത്തിന്റെ വഴിയാണ് മതനിരപേക്ഷ സമൂഹം തെരഞ്ഞടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു പറഞ്ഞ ഒരു കാര്യം സര്‍ക്കാര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതാണ്. അങ്ങനെ സമ്മര്‍ദം ചെലുത്തി അദ്ദേഹത്തില്‍ നിന്ന് നേടിയെടുക്കേണ്ട അനര്‍ഹമായ ഏതെങ്കിലും കാര്യമോ താല്പര്യമോ സര്‍ക്കാരിനില്ല എന്ന് സംശയരഹിതമായി വ്യക്തമാക്കട്ടെ. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോള്‍, അതിന് അംഗീകാരം നല്‍കുക എന്ന ഉത്തരവാദിത്ത നിര്‍വ്വഹണമാണ് ഗവര്‍ണ്ണറില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.