ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശം; മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍ : ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. അരിമ്പൂര്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആയിരം കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ കലാലയങ്ങളില്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ഗവ.യു പി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മിച്ചത്. ഇരുനിലകളിലുള്ള കെട്ടിടത്തിന്റെ ആറ് ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.40 ലക്ഷം രൂപ ചെലവഴിച്ച് ക്ലാസ് മുറികളിലേക്ക് ഫര്‍ണിച്ചറുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ലഭ്യമാക്കും. 1912 ലാണ് സ്‌കൂള്‍ സ്ഥാപിതമായത്.
ചടങ്ങില്‍ മുരളി പെരുന്നെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വൈസ് പ്രസിഡന്റ് ഷിമി ഗോപി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എന്‍ സുര്‍ജിത്, ജിമ്മി ചൂണ്ടല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, പ്രധാനധ്യാപിക പി ഉഷാകുമാരി, അധ്യാപകര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പിവി ബിജി തുടങ്ങിയവര്‍ പങ്കെടുത്തു.