തിരുവനന്തപുരം: വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാര്‍ഥികളില്‍ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് സയന്റിഫിക് ടെമ്പര്‍മെന്റ് ആന്‍ഡ് അവയര്‍നസ് ക്യാമ്പയിന് എന്ന പേരില്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിലെ ശാസ്ത്രപഠനാവസരങ്ങള്‍ കൂടുതല്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗവണ്മെന്റ് സ്വീകരിക്കുന്നത്. ഡോക്ടര്‍ ജഗദീഷ് ചന്ദ്രബോസ് ദിനമായ നവംബര്‍ 30 മുതല്‍ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെയാണ് സൈറ്റക് സംഘടിപ്പിക്കുന്നത്. നാലാം വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും ഉള്‍പ്പെടുന്ന നവീന ഡിജിറ്റല്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം. ഭാവനയിലധിഷ്ഠിതമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപേക്ഷിച്ച് മൂര്‍ത്തമായ ശാസ്ത്ര ബോധത്തിലൂടെയാണ് മനുഷ്യ സമൂഹം ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. വിദ്യാഭ്യാസത്തിലും യുക്തിയിലുമധിഷ്ഠിതമായ ചിന്തകള്‍ പകര്‍ന്നു നല്കിയ നവോത്ഥാന നായകരുടെ മാതൃകയാണ് കേരളം പിന്തുടരേണ്ടത്. അടുത്തിടെയുണ്ടായ നരബലിയടക്കമുള്ള പ്രാകൃത അനാചരങ്ങള്‍ പ്രബുദ്ധ കേരളത്തിന് നാണക്കേടായി. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രതിരോധം തീര്‍ക്കാന്‍ ശാസ്ത്ര ചിന്തകള്‍ക്ക് മാത്രമാണ് കഴിയുക. ശാസ്ത്രീയ വിദ്യാഭ്യാസ മാതൃകകള്‍ സൃഷ്ടിച്ചും വിദ്യാര്‍ഥികളില്‍ ശാസ്ത്ര ആഭിമുഖ്യം പ്രോത്സാഹിപ്പിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപത് വര്‍ഷങ്ങളില്‍ മഹത്തായ സംഭാവനയാണ് കേരളത്തിന് നല്‍കിയത്. പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവെന്ന നിലയിലുമാണ് സൈറ്റെക് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. യുവജനതയുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന സ്ഥാപനമായ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം പ്രിയദര്‍ശനി പ്ലാനിറ്റോറിയത്തിന്റെ പഠന സാധ്യതകള്‍ വിദ്യാര്‍ഥി സമൂഹം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
സ്കൂള്‍ പഠന യാത്രയുടെ ഭാഗമായി മണിക്കൂറുകള്‍ മാത്രമുള്ള സന്ദര്‍ശനത്തിനപ്പുറം വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തെ പ്രയോജനപ്പെടുത്തണം. വിദ്യാര്‍ഥികള്‍ക്ക് ഇവിടുത്തെ ശാസ്ത്ര ഗാലറികളും പ്രദര്‍ശനങ്ങളും വിശദമായി കണ്ടതിനു ശേഷം സംശയനിവൃത്തി വരുത്തുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട ശാസ്ത്രാവബോധക്ലാസും വിദഗ്ധ നേതൃത്വത്തില്‍ ഇവര്‍ക്കായി ഒരുക്കുന്നുണ്ട്. അന്ധവിശ്വാസം, അശാസ്ത്രീയ ചിന്താരീതികള്‍ എന്നിവയ്ക്കെതിരെ അവബോധം നല്കുന്ന വിധത്തിലാണ് ശാസ്ത്രവിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ നേടുന്ന അറിവുകള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന ജനകീയ പരിപാടികള്‍ തുടര്‍ന്ന് നടപ്പിലാക്കുമെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകളര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സോജു എസ്.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് , സയന്റിഫിക് ഓഫീസര്‍ സിറില്‍ കെ. ബാബു എന്നിവര്‍ പങ്കെടുത്തു.