ഈറ്റ് റൈറ്റ് കേരള ആപ്പ് വിജയം: 1700 ഹോട്ടലുകള്‍ക്ക് റേറ്റിംഗ്, ഉപയോഗിച്ചത് 10,500 പേര്‍
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു. റെയില്‍വേയുമായി സഹകരിച്ചും പരിശോധനക്കുന്നു. കൂടുതല്‍ ശക്തമായ പരിശോധന തുടരുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. 1700 ഹോട്ടലുകള്‍ വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ ഇടം നേടി വരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാല്‍ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 284 എണ്ണം പരിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിക്കുന്നു.