63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി കലാമേള ഉദ്ഘാടനം ചെയ്തു.

"യുവജനഹൃദയം സ്വതന്ത്രമാണ്, അവരുടെ കാമ്യപരിഗ്രഹേച്ഛയിൽ'  എന്നെഴുതിയത് മറ്റാരുമല്ല മഹാകവി കുമാരനാശാനാണ്. ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണ് പുതുതലമുറ ഇച്ഛിക്കുന്നത്. ആ ആഗ്രഹങ്ങളുടെ സർഗാത്മകമായ പ്രതിഫലനമാകും ഇനി ഇവിടെ നടക്കാൻ പോകുന്ന കലാ ആവിഷ്കാരങ്ങൾ എന്നു പ്രതീക്ഷിക്കുന്നു. ഈ കലോത്സവം ശ്രദ്ധേയമാകാൻ പോകുന്നത് ഇവിടെ അവതരിപ്പിക്കപ്പെടാൻ പോകുന്ന കലാരൂപങ്ങളുടെ വൈവിധ്യസമൃദ്ധി കൊണ്ടാണ്. ഒരു വൈവിധ്യവുമില്ലാത്ത ഏകതാനതയാണ് കലോത്സവത്തിന്റെ മുഖമുദ്രയെങ്കിൽ അത് എത്ര വിരസമായിരിക്കും? ഇത് കലയുടെ കാര്യത്തി മാത്രമല്ല, സമൂഹത്തിന്റെ ആകെ കാര്യത്തിൽ പ്രസക്തമാണ്." "മുഖ്യമന്ത്രി പിണറായി വിജയൻ 

തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം 63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ മേള ഉദ്ഘാടനം ചെയ്തു. ജനുവരി എട്ടുവരെയാണ് കലാമേള നടക്കുക. പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് അനന്തപുരി വേദിയാകുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ കേരളം കലാമണ്ഡലം ഒരുക്കിയ അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെ ചടങ്ങുകൾ ആരംഭിച്ചത് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു .

മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളോടായീ
പ്രിയപ്പെട്ട വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ, സഹോദരീ സഹോദരൻമാരെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളർന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. ഈ മേളയിൽ പതിനയ്യായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 25 വേദികളിലായി അരങ്ങേറുന്ന ഈ കലാമേളയിൽ പങ്കാളികളാകുന്ന ഏവർക്കും വിജയാശംസകൾ നേരുന്നു.
ഈ കലോത്സവത്തോടൊപ്പം സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും നടക്കുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും എല്ലാം സംഗമവേദിയാവുകയാണ് ഈ കലോത്സവം. ഏറെ അഭിമാനകരമാണിത്.
കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ സംബന്ധിച്ച് വലിയൊരു നഷ്ടം സംഭവിച്ച വർഷമാണ് കടന്നുപോയിരിക്കുന്നത്. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. എം ടി വാസുദേവൻ നായർ വിടവാങ്ങിയ വർഷമാണ് കടന്നുപോകുന്നത്. എല്ലാ വർഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികൾക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് സ്കൂൾ കലോത്സവം. അതുകൊണ്ടുതന്നെ ഈ വേദിയിൽ വെച്ച് അദ്ദേഹത്തിന്റെ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.
കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്നത് കഴിഞ്ഞ വർഷമാണ്. അതിന്റെ ആഘാതത്തിൽ അവിടങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വരമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയി. കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കിയും പഠനോപകരണങ്ങൾ ലഭ്യമാക്കിയും നാം അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാർമല ജി എച്ച് എസിലെ വിദ്യാർത്ഥികൾ ഇന്ന് ഈ വേദിയിൽ സംഘനൃത്തം അവതരിപ്പിക്കുകയാണ്. ആ നിലയ്ക്ക്, കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇൗ കലോത്സവ വേദി എന്നതിൽ അതിയായ സന്തോഷമുണ്ട്.
വലിയൊരു പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാകുന്നവരാണ് ഇവിടെ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവ വേദികളിൽ മാറ്റുരച്ച നിരവധി പ്രതിഭകൾ കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പിന്നീട് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉൾക്കൊണ്ടുവേണം ഈ കലോത്സവങ്ങളിൽ പങ്കെടുക്കാൻ. അങ്ങനെ നമ്മുടെ സാംസ്കാരിക രംഗത്തേയും ആസ്വാദന രീതികളേയും മാറ്റിമറിക്കുന്ന കലാസൃഷ്ടികൾ നടത്താൻ നിങ്ങൾക്കു കഴിയും എന്നു പ്രതീക്ഷിക്കുകയാണ്.
നമ്മുടെ നാടിന്റെ സാംസ്കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ ഒന്നടങ്കം മുന്നിൽനിന്നു നയിക്കേണ്ടവരാണ് ഇതിൽ പങ്കെടുക്കുന്ന നിങ്ങൾ ഓരോരുത്തരും. ആ ബോധ്യത്തോടെയുള്ള ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തേക്കാൾ വലിയ നേട്ടം. ആ തിരിച്ചറിവോടെ ഇതിൽ പങ്കെടുക്കാൻ നിങ്ങൾക്ക് ഒാരോരുത്തർക്കും കഴിയട്ടെ.
മനുഷ്യർ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങൾക്കും സാമൂഹ്യവ്യവസ്ഥാ മാറ്റങ്ങൾക്കും വഴിവെച്ചിട്ടുള്ളത് എന്നതിനു ലോകചരിത്രത്തിൽ തന്നെ എത്രയോ ഉദാഹരണങ്ങളാണുള്ളത്. ഉത്സവങ്ങൾ കൗമാരക്കാരുടേയും യുവജനങ്ങളുടേതുമാകുമ്പോൾ അതിന് കൂടുതൽ ഓജസ്സും ഊർജസ്വലതയും കൈവരുന്നു. ആ ചടുലത ഇവിടുത്തെ ഓരോ വേദിയിലും നമുക്ക് കാണാനാവും.
ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു തലമുറയുടെ മുഴുവൻ സർഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് ഇവിടങ്ങളിൽ മാറ്റുരയ്ക്കപ്പെടുന്നത് എന്നു നിസ്സംശയം പറയാം.
മനുഷ്യൻ ഇതുവരെ ആർജിച്ച എല്ലാത്തരം കലാവൈഭവങ്ങളുടെയും വിചിത്രവും മായികവുമായ ഒരു ലോകം നിങ്ങൾക്കിവിടങ്ങളിൽ ദർശിക്കാനാകും. മാസങ്ങൾ നീണ്ടുനിൽക്കുന്ന ശിക്ഷണങ്ങളുടെയും സമർപ്പണത്തിന്റെയും ഫലമാണ് ഈ പ്രകടനം. അന്യംനിന്നു പോവുന്ന ഒട്ടേറെ നാടൻകലകളും അനുഷ്ഠാനകലകളും ഇതിലൂടെ അതിജീവിച്ചു നിലനിൽക്കുന്നു.
നാട്ടിൻപുറങ്ങളിലെ ഉൾപ്പെടെ അനേകം കലാചാര്യന്മാരാണ് ഇതുവഴി പരോക്ഷമായി മാനിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നത്. അവരുള്ളതുകൊണ്ടാണല്ലൊ, അവരുടെ ശിഷ്യഗണങ്ങൾക്ക് ഈ കഴിവും മികവും പകർന്നുകിട്ടിയത്. കുട്ടികൾ മികവിലേക്കുയരുമ്പോൾ അവരെ പ്രാപ്തരാക്കിയ ഗുരുജനങ്ങൾ കൂടി ആദരിക്കപ്പെടുകയാണ്.
പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവർത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സർവ്വതല സ്പർശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവർത്തനങ്ങളും അതിന്റെ മൂർത്തീഭാവമായ ഇത്തരം മേളകളും.
ഓരോ വിദ്യാർത്ഥിയിലും അന്തർലീനമായിരിക്കുന്ന കലാകാരനെ ഉണർത്തിയെടുക്കാനുള്ള പ്രക്രിയ കൂടിയാവണം വിദ്യാഭ്യാസം. എല്ലാ വിദ്യാർത്ഥികളും അതുല്യ പ്രതിഭകളായ കലാപ്രവർത്തകർ ആകണമെന്നില്ല. എന്നിരിക്കിലും ഓരോ വിദ്യാർത്ഥിയിലും അന്തർലീനമായിരിക്കുന്ന കലാപരമായ കഴിവുകൾ പ്രകാശിപ്പിക്കാൻ കൂടി വിദ്യാഭ്യാസത്തിനു കഴിയണം. കുട്ടികളിലെ കലാപരമായ ശേഷികളെ മാത്രമല്ല, അവരിലെ നന്മകളെ കൂടി പ്രകാശിപ്പിച്ചെടുക്കാൻ കഴിയണം. ചുരുക്കത്തിൽ ഒരു മനുഷ്യന്റെ പൂർണ്ണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസം എന്ന പ്രക്രിയ.
രോഗാതുരമാവുന്ന മനുഷ്യമനസ്സിനെ ചികിത്സിക്കാൻ ഏറ്റവും ഉത്തമമായ ഔഷധം കലയാണ്. കലയിലൂടെ മനുഷ്യരാശിക്കു നഷ്ടപ്പെടുന്ന നന്മ വീണ്ടെടുക്കാനാവും. വിദ്യാഭ്യാസത്തിൽ കലയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുക വഴി വ്യക്തികളിലെ ക്രിയാത്മകത വർദ്ധിപ്പിക്കാൻ സാധിക്കും.
മാനുഷികമായ സമസ്ത നന്മകൾക്കും വേണ്ടി വെമ്പൽ കൊള്ളാനായി ആസ്വാദകരെ പ്രചോദിപ്പിക്കാൻ കലയ്ക്കും സാഹിത്യത്തിനും കഴിയും. അവരെ അത് പ്രചോദിപ്പിക്കും. ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കിയെടുക്കാനതു സഹായിക്കും.
എന്നാലതേസമയം, നല്ല കലാരൂപങ്ങളും അതിന്റെ സൃഷ്ടാക്കളും പല കാലത്തും ആക്രമണത്തിനു വിധേയമായിട്ടുണ്ട്. ഇതിനു വേണ്ടുവോളം ഉദാഹരണങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ച തോപ്പിൽ ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങൾ നടന്നു. അതിൽ മനസ്സുമടുത്ത് കലാപ്രവർത്തനം നിർത്തിയില്ല ആ കലാകാരന്മാർ. ഞാനിതു പറയുന്നത് കലാരംഗത്തെ പ്രവർത്തനങ്ങൾ ആയാസരഹിതമായോ ത്യാഗമാവശ്യമില്ലാത്തവയോ അല്ല എന്നു സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളെ മനസ്സു തളരാതെ അതിജീവിക്കാൻ വേണ്ട മനോബലം കൂടി കലാരംഗത്തേക്കു കടക്കുന്നവർ ആർജിക്കണം.
ഇത്തരം കലോത്സവങ്ങളിൽ വിജയികളാവുന്നവർ തന്നെയാണ് പിൽക്കാലത്ത് ആ രംഗത്തെ പ്രഗത്ഭ കലാകാരന്മാരും കലാകാരികളുമായി മാറുന്നത്. നിരവധി ഉദാഹരണങ്ങൾ എടുത്തുകാട്ടാനുണ്ട്. എന്നാലതേസമയം, സ്കൂൾ വിദ്യാഭ്യാസ കാലം കഴിയുന്നതോടെ കലാപ്രവർത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്. നമ്മുടെ പല പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാൽ ഇത് വ്യക്തമാകും.ഈ വിഷയം ഗൗരവമായി കലാകേരളം ചർച്ച ചെയ്യണം. അവരെ കണ്ടെത്തി കലാകേരളത്തിനു മുതൽക്കൂട്ടാക്കാനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തേണ്ടതുണ്ട്. സർക്കാർ അക്കാര്യത്തിൽ ശ്രദ്ധ വെക്കും എന്നു കൂടി അിറയിക്കുന്നു.
“യുവജനഹൃദയം സ്വതന്ത്രമാണ്,
അവരുടെ കാമ്യപരിഗ്രഹേച്ഛയിൽ’
എന്നെഴുതിയത് മറ്റാരുമല്ല മഹാകവി കുമാരനാശാനാണ്. ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണ് പുതുതലമുറ ഇച്ഛിക്കുന്നത്. ആ ആഗ്രഹങ്ങളുടെ സർഗാത്മകമായ പ്രതിഫലനമാകും ഇനി ഇവിടെ നടക്കാൻ പോകുന്ന കലാ ആവിഷ്കാരങ്ങൾ എന്നു പ്രതീക്ഷിക്കുന്നു. ഈ കലോത്സവം ശ്രദ്ധേയമാകാൻ പോകുന്നത് ഇവിടെ അവതരിപ്പിക്കപ്പെടാൻ പോകുന്ന കലാരൂപങ്ങളുടെ വൈവിധ്യസമൃദ്ധി കൊണ്ടാണ്. ഒരു വൈവിധ്യവുമില്ലാത്ത ഏകതാനതയാണ് കലോത്സവത്തിന്റെ മുഖമുദ്രയെങ്കിൽ അത് എത്ര വിരസമായിരിക്കും? ഇത് കലയുടെ കാര്യത്തിൽ മാത്രമല്ല, സമൂഹത്തിന്റെ ആകെ കാര്യത്തിൽ പ്രസക്തമാണ്.
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുമ്പോൾ തന്നെ അത്തരം കാഴ്ചപ്പാടുകൾക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഏവർക്കും നല്ല കലയുടെ ദിവസങ്ങൾ ആശംസിക്കുന്നു. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നിറഞ്ഞ സന്തോഷത്തോടെ ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. എല്ലാവർക്കും സ്നേഹാഭിവാദനങ്ങൾ.

HSS ജനറൽ -23 ഇനങ്ങളും,HS ജനറൽ -22 ഇനങ്ങളും,HS സംസ്‌കൃതം -7 ഇനങ്ങളും,HS അറബിക് – 6 ഇനങ്ങളും അടക്കം 19 ജനറൽ വേദികളിലായി 45 മത്സരയിനങ്ങളും, 3 സംസ്കൃത വേദികളിലായി 7 ഇനങ്ങളും, 2 അറബിക് വേദികളിലായി 6 ഇനങ്ങളും എന്ന ക്രമീകരണത്തിൽ 24 വേദികളിലായി 58 ഇനങ്ങളാണ് ഇന്ന് പൂർത്തിയാകുന്നത്.

14 ജില്ലകളിൽ നിന്നുള്ള ഷെഡ്യൂൾഡ് മത്സര ഇനങ്ങളെ കൂടാതെ കോടതി വഴി 42 ഇനങ്ങളും(ഹൈക്കോടതി -23, മുൻസിഫ് കോടതി -5, ജില്ലാ കോടതി -6, ലോകായുക്ത -8) ഡെപ്യൂട്ടി ഡയറക്ടേഴ്സ് മുഖാന്തരം 146, ബലാവകാശ കമ്മീഷൻ വഴി വന്ന 1 ഇനവും അടക്കം 189 ഇനങ്ങൾ അധികമായി മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വേദി 23 ലെ മത്സരങ്ങൾ വൈകിട്ട് 5 മണിക്ക് അവസാനിച്ചു. മൊത്തം 24 ഇനങ്ങളിലെ മത്സരങ്ങൾ വൈകിട്ട് 5 മണിയോടെ പൂർത്തിയാകുമ്പോൾ പോയിന്റ് നിലയിൽ 91 പോയിന്റോടെ കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, തൃശൂർ ജില്ലകൾ ഒന്നാം സ്ഥാനത്താണ്.