കൊച്ചി: ജനാധിപത്യ സമൂഹത്തില്‍ ഓരോ പൗരന്റെയും സ്വകാര്യ അവകാശമാണ് വിശ്വാസമെന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള നീക്കങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ പേരില്‍ രൂപീകരിച്ച എന്‍ഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖംഃ ദര്‍ശനവും പ്രസക്തിയും’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ഉദാത്തമായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ ഭാരതീയരായ നമ്മള് ബാധ്യസ്ഥരാണ്. അതിനാല്‍ ഭരണഘടനയെ കൂടുതല്‍ ജനകീയവും പുരോഗമനപരവുമാക്കണം. സ്വാതന്ത്ര്യ സമരത്തിന്റെ ഉല്പന്നമായ ഇന്ത്യന്‍ ഭരണഘടനയുടെ നന്മകളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പാര്‍ലമെന്റിന്റെ അധികാര അവകാശങ്ങളെ നിരന്തരം കയ്യേറ്റം ചെയ്തുകൊണ്ടിരിക്കുന്ന ഭരണഘടനാ ചതികളാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്, എം. എ. ബേബി പറഞ്ഞു.വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന് എന്‍ഡോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്തു.ഡോ. ധര്‍മ്മരാജ് അടാട്ട് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം എം. എ. ബേബി നിര്‍വ്വഹിച്ചു.പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. മുത്തുലക്ഷ്മി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.സംസ്കൃതം സാഹിത്യ വിഭാഗം മേധാവി പ്രൊ. കെ. ആര്. അംബിക അധ്യക്ഷയായിരിന്നു.ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. കെ. എല്‍. പത്മദാസ് എന്നിവര്‍ പ്രസംഗിച്ചു.