പാര്‍ലമെന്റില്‍ ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: ഹാരീസ് ബീരാൻ എം പി

സർക്കാരിന്റെ പിഴവുകളെ ചൂണ്ടിക്കാട്ടുന്ന മാധ്യമപ്രവർത്തകരെ കണ്ണിലെ കരടായി അവര്‍ കണക്കാക്കുന്നു. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടികൾ ഭരണഘടനാ വിരുദ്ധമാണ്. മുനമ്പം വിഷയത്തെ ലീഗ് മാനുഷിക പ്രശനമായാണ് കാണുന്നത്. കോടതി വിധിയും ട്രൈബ്യൂണൽ വിധിയും ജനങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ അയാലും പൈസ കൊടുത്ത് വാങ്ങിയ സാധാരണക്കാരുടെ ഭൂമിയിൽ നിന്നും ആരെയും പുറത്താക്കരുതെന്നാണ് ലീഗിന്റെ അഭിപ്രായം.

കൊല്ലം: പാര്‍ലമെന്റില്‍ ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും ഭരണപക്ഷത്തിന് എതിരെ വരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുന്ന പ്രവണതയാണ് രാജ്യസഭയിൽ കാണാൻ കഴിയുന്നതെന്നും രാജ്യസഭാംഗം ഹാരീസ് ബീരാൻ പറഞ്ഞു. പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991 മുതല്‍ ആരാധനാലയ നിയമം നിലവിൽ ഉണ്ട്. എന്നാല്‍ അതിന്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം ഇതുവരെ നടന്നിട്ടില്ല. നിലവിലെ സുപ്രീം കോടതി വിധി ആരാധനാലയങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ ഒരു പരിധിവരെ തടയാൻ സഹായിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പിഴവുകളെ ചൂണ്ടിക്കാട്ടുന്ന മാധ്യമപ്രവർത്തകരെ കണ്ണിലെ കരടായി അവര്‍ കണക്കാക്കുന്നു. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടികൾ ഭരണഘടനാ വിരുദ്ധമാണ്. മുനമ്പം വിഷയത്തെ ലീഗ് മാനുഷിക പ്രശനമായാണ് കാണുന്നത്. കോടതി വിധിയും ട്രൈബ്യൂണൽ വിധിയും ജനങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ അയാലും പൈസ കൊടുത്ത് വാങ്ങിയ സാധാരണക്കാരുടെ ഭൂമിയിൽ നിന്നും ആരെയും പുറത്താക്കരുതെന്നാണ് ലീഗിന്റെ അഭിപ്രായം. മതേതര പ്രസ്ഥാനമായ സിപിഐ(എം) എന്ന സംഘടനയെ കേരളത്തിന് ആവശ്യമാണ്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഒരു സ്വയം വിമർശനം നടത്തി മതേതര നിലപാടുകളും കമ്യൂണിസ്റ്റ് ആശയങ്ങളും മുറുകെ പിടിച്ച് സിപിഐ(എം) കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസ്സ് ക്ലബ് സെക്രട്ടറി സനൽ ഡി പ്രേം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മഹേഷ് കുമാർ സ്വാഗതവും നിർവാഹക സമിതിയംഗം എ കെ എം ഹുസൈൻ നന്ദിയും പറഞ്ഞു. ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുള്‍ഫിക്കര്‍ സലാം എന്നിവര്‍ പങ്കെടുത്തു.