തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ജി.ഇ) എന്നിവരുടെ സത്യപ്രതിജ്ഞാചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സബ് ഇന്‍സ്പെക്ടര്‍ ആംഡ് പോലീസ് വിഭാഗത്തില്‍ 20 പേരും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ആറുപേരും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ആംഡ് പോലീസ് വിഭാഗത്തില്‍ ഒരാളുമാണ് കേരള പൊലീസ് സേനയുടെ ഭാഗമായത്. സബ് ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനം 2023 ഒക്ടോബര്‍ എട്ടിനും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനം നവംബര്‍ 16നുമാണ് പോലീസ് ട്രെയിനിങ് കോളേജില്‍ ആരംഭിച്ചത്.
മികച്ച ഇൻഡോർ കേഡറ്റായി രജീഷ് എം.ആർ, ഔട്ട്ഡോർ കേഡറ്റായി നന്ദ് കിഷോർ യു.എസ്, ഷൂട്ടറും ഓൾ റൗണ്ടറുമായി ജിതേഷ് എം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എം. സി. എ. ഉൾപ്പെടെയുള്ള ബിരുദാനന്തരബിരുദം നേടിയ അഞ്ചുപേരും ബി. ടെക്. ബിരുദധാരികളായ ആറുപേരും 15 ബിരുദധാരികളും ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് സേനാംഗങ്ങള്‍. നിയമങ്ങളിലും കായിക ക്ഷമതയിലും ആയുധങ്ങളിലുമുള്ള പരിശീലനത്തിനുപുറമേ ദുരന്തമുഖങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സമൂഹത്തോട് ഊഷ്മളമായി ഇടപെടാനുമുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.