തീരദേശത്തിന്റെ രുചിക്കൂട്ടിനു കോടിക്കിലുക്കം; സൂപ്പര്‍ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകള്‍

വിറ്റുവരവ് നാലര കോടി പിന്നിട്ടു
തിരുവനന്തപുരം: ഫിഷറീസ് വകുപ്പും സാഫും(സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ഓഫ് ഫിഷര്‍ വിമണ്‍) ചേര്‍ന്നു നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റെസ്റ്ററന്റുകള്‍ക്കു വന്‍ സ്വീകാര്യത. തീരദേശത്തിന്റെ രുചി ഭേതങ്ങളെ ഏറ്റെടുത്തിരിക്കുകയാണു ഭക്ഷണ പ്രേമികള്‍. പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 4.69 കോടി രൂപയുടെ വിറ്റുവരവാണു തീരമൈത്രി റെസ്റ്ററന്റുകള്‍ നേടിയത്. പ്രതിമാസം 40 ലക്ഷം രൂപയാണ് ഇപ്പോള്‍ ശരാശരി പ്രതിമാസ വരുമാനം
മീന്‍ അല്‍ഫാം, ചെമ്മീന്‍ കട്ലറ്റ്, ചെമ്മീന്‍ വട, ചെമ്മീന്‍ മോമോസ്, മീന്‍ സമൂസ, എന്നിങ്ങനെ വ്യത്യസ്തതയുള്ള വിഭവങ്ങള്‍ക്കും കല്ലുമ്മേകായ റോസ്റ്റ്, കൂന്തല്‍ ഫ്രൈ, ചെമ്മീന്‍ റോസ്റ്റ് എന്നിങ്ങനെയുള്ള പരമ്പരാഗതവിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ശുദ്ധമായ കടല്‍വിഭവങ്ങള്‍ തനത് രുചിയില്‍ വിളമ്പുന്നു എന്നതാണു തീരമൈത്രി ഭക്ഷണശാലകളുടെ പ്രത്യേകത. മിതമായ നിരക്കും ഭക്ഷണപ്രേമികളെ തീരമൈത്രി ഭക്ഷണ ശാലകളിലേക്ക് ആകര്‍ഷിക്കുന്നു.
46 ഭക്ഷണശാലകളാണ് തീരമൈത്രി പദ്ധതിയുടെ ഭാഗമായുള്ളത്. സബ്സിഡി ഇനത്തില്‍ സാഫ് ഇതിനോടകം 2.5 കോടി രൂപ ഇവര്‍ക്കു നല്‍കിയിട്ടുണ്ട.് അഞ്ചു വനിതകളടങ്ങുന്ന ഒരു യൂണിറ്റിന് റെസ്റ്ററന്റ് തുടങ്ങാന്‍ ചെലവാകുന്ന അടങ്കല്‍ തുകയായ 6.67 ലക്ഷം രൂപയില്‍ 75% ഗ്രാന്റും 20% ബാങ്ക് ലോണും 5% ഗുണഭോക്തൃ വിഹിതവുമാണ്. മത്സ്യതൊഴിലാളി വനിതകള്‍ക്ക് ബദല്‍ ഉപജീവന മാര്‍ഗ്ഗവും മെച്ചപ്പെട്ട സാമൂഹികജീവിതവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം – 3, കൊല്ലം-7, ആലപ്പുഴ -6, എറണാകുളം-8 തൃശ്ശൂര്‍- 6, മലപ്പുറം -4, കോഴിക്കോട് – 6, കണ്ണൂര്‍ -2, കാസര്‍ഗോഡ്- 4 എന്നിങ്ങനെയാണു ജില്ലകളിലെ തീരമൈത്രി റെസ്റ്ററന്റുകളുടെ എണ്ണം. പ്രതിമാസം നാലരലക്ഷം രൂപ വരുമാനം നേടുന്ന എറണാകുളം മുളവുകാട് പാതിരാപുട്ട് തീരമൈത്രി സീഫുഡ് റസ്റ്റോറന്റും, നാല് ലക്ഷം രൂപ വരുമാനം നേടുന്ന മലപ്പുറം താനൂര്‍ സാഗര തീരമൈത്രി സീഫുഡ് റസ്റ്റോറന്റുമാണ് വരുമാന കണക്കില്‍ മുന്നില്‍.