ട്രഷറി വകുപ്പില്‍ വലിയ തോതില്‍ സാങ്കേതിക നവീകരണം
യാഥാര്‍ഥ്യമായതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി വകുപ്പില്‍ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു. മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. സര്‍ക്കാര്‍ വകുപ്പുകളെ നവീകരിക്കുന്നത് സിവില്‍ സര്‍വീസിനെ മൊത്തത്തില്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. ഇത് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ്. ആ രീതിയിലുള്ള മനോഭാവം ജീവനക്കാരില്‍ നിന്നും ഉണ്ടാവണം,’ സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനങ്ങളുമായി ബന്ധപ്പെട്ട് അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന അനുഭവമാണ് നമ്മുടെ ട്രഷറിയില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു.
എല്ലാ ആധുനിക സൗകര്യങ്ങളും ട്രഷറി ആസ്ഥാനമന്ദിരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പ്യൂട്ടര്‍വത്കരണം വളരെ നേരത്തെ നടപ്പാക്കിയ വകുപ്പാണ് ട്രഷറി. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനം മാതൃകാപരമായ രീതിയില്‍ നടപ്പാക്കി. ഇടപാടുകളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കി. അടിസ്ഥാന സൗകര്യ വികസനം, നടപടിക്രമങ്ങളുടെ പരിഷ്‌കരണവും സേവനങ്ങളുടെ വിപുലീകരണവും, സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കല്‍, ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കല്‍ ഇങ്ങനെയുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക ക്രയവിക്രയം കൂടുതല്‍ സുതാര്യമാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
ട്രഷറി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ നവീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ നേരിടാനും വകുപ്പിനെ സജ്ജമാക്കി. ട്രഷറി ആധുനികവത്കരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കും ബാങ്കുകള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും കേരള പെന്‍ഷന്‍ പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കി. ട്രഷറി സേവിങ്‌സ് ബാങ്ക് കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റി.
ട്രഷറിയിലെ എല്ലാ ബില്ലുകളും ഓണ്‍ലൈന്‍ ആയി പ്രോസസ് ചെയ്യുന്ന സംവിധാനം നടപ്പാക്കി. ഇതുവഴി 98 സര്‍ക്കാര്‍ വകുപ്പുകളില്‍ ശമ്പളബില്ലുകള്‍ കടലാസ് രഹിതമായി. ട്രഷറി അക്കൗണ്ട് ഉടമകള്‍ക്ക് നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പ് സംവിധാനങ്ങള്‍ നടപ്പാക്കി. ഇട്രഷറിയും യാഥാര്‍ഥ്യമാക്കി. സംസ്ഥാനത്ത് 2016 ശേഷം 36 ട്രഷറി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കി. ഇതിനായി 108 കോടി രൂപ അനുവദിച്ചു. ഇതില്‍ 17 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് ട്രഷറി കെട്ടിടങ്ങള്‍ ഉദ്ഘാടന സജ്ജമായ നിലയിലാണ്. ആറ് കെട്ടിടങ്ങളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ബാക്കി ട്രഷറികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം ലഭ്യമായിട്ടുണ്ട്.
ഈ വിധത്തില്‍ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രഷറി വകുപ്പില്‍ മാത്രമല്ല ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കും. ധനകാര്യ ഇടപാടുകളിലെ കാലോചിത മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അവയെ നമ്മുടെ തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കൂട്ടിയിണക്കാനും കഴിയണം.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ വര്‍ത്തമാനകാലത്ത് അത് ട്രഷറിയില്‍ വരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 38 സെന്റ് ഭൂമിയില്‍ ആറ് നിലകളില്‍ പണിത ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തിന് 20 കോടി രൂപ ചെലവായി.
ചടങ്ങില്‍ ധനകാര്യമന്ത്രി കെ. എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, എ.എ. റഹീം എം.പി, വി.കെ. പ്രശാന്ത് എം.എല്‍.എ, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഫിനാന്‍സ് റിസോഴ്‌സസ് സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.