ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അഞ്ചുതെങ്ങില്‍ നിന്ന് സന്ദര്‍ശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും വൈദികരുമായും സംസാരിച്ചു.
തുടര്‍ന്ന് പള്ളിത്തുറ, വേളി, വെട്ടുകാട്, ശംഖുമുഖം, പൂന്തുറ, വെള്ളാർ, പൊഴിയൂർ തുടങ്ങിയ മേഖലകളില്‍ വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി. കടലാക്രമണത്തില്‍ വീടുനഷ്ടപ്പെട്ടതിനാല്‍ ദുരിതാശ്വാസക്യാംപുകളിലായ കുടുംബങ്ങളെയും കേന്ദ്രമന്ത്രി കണ്ടു. പൂര്‍ണമായും കടലെടുത്ത വീടുകള്‍ തീരവാസികള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. തീരദേശവാസികള്‍ക്ക് തൊഴില്‍ മുടങ്ങാതെ സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
കാലങ്ങളായി ആവശ്യപ്പെടുന്ന കടല്‍ഭിത്തി നിര്‍മ്മാണത്തോട് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ മുഖംതിരിക്കുകയായിരുന്നെന്ന് സ്ത്രീകളടക്കമുള്ളവര്‍ പരാതിപ്പെട്ടു. തീരവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രഫിഷറീസ് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് വി.മുരളീധരന്‍ ഉറപ്പ് നല്‍കി. ഓഖി ദുരന്തത്തെത്തുടര്‍ന്ന് തീരവാസികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഉറപ്പിന്‍റെ ഫലമായാണ് കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പ് രൂപീകരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തീരവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും വി.മുരളീധരനൊപ്പമുണ്ടായിരുന്നു. ഫാ.ജസ്റ്റിന്‍ ജൂഡ്, ഫാ.ബിനു അലക്സ്, ഫാ.ലെനിന്‍ ഫെര്‍ണാണ്ടസ്, ഫാ.യേശുദാസ്, ഫാ.അജിത് ആന്‍റണി, ഫാ ജോര്‍ജ് ഗോമസ് , ഫാദർ ജെറാൾഡ് തുടങ്ങി വിവിധ ഇടവകകളിലെ വൈദികരും ധീവര സഭാ നേതാക്കളും പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.