കൊച്ചി: ആധുനികതയെ ആദ്യമായി ആധികാരികം അടയാളപ്പെടുത്തിയ ടി എസ് എലിയറ്റിന്റെ കാവ്യം ‘ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദി പിന്നിടുമ്പോള്‍ ബിനാലെയിലെ ആഘോഷമായി ഏപ്രില്‍ ഒന്നിന് സംവാദാത്മക തിയേറ്റര്‍ ഇന്സ്റ്റലേഷന്. തൃക്കാക്കര ഭാരത മാത കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ‘ലാബിറിന്ത്’ എന്ന പേരില്‍ സംവാദാത്മക തിയേറ്റര്‍ ഇന്സ്റ്റലേഷന് ഒരുക്കുന്നത്. ഫോര്‍ട്ട്കൊച്ചി വെളി ദോബി ഖാനയില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുവരെ നടക്കുന്ന അവതരണത്തില്‍ 30ലേറെ വിദ്യാര്‍ഥികള്‍ ഭാഗഭാക്കാകും.
കേരളത്തിലെ ഏക അലക്കുകേന്ദ്രമായ ദോബി ഖാനയിലെ ആളുകളുടെ ജീവിതപരിസര ഘടകങ്ങളും ഇഴചേര്‍ന്നതാകും ഇന്സ്റ്റലേഷന്. ‘ദി വേസ്റ്റ് ലാന്‍ഡി’ലെ കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ സംവദിക്കണമെന്നത് ‘ലാബിറിന്തി’ല്‍ അനിവാര്യതയാണ്. അങ്ങനെ പ്രേക്ഷകരും ഇന്‍സ്റ്റലേഷന്റെ ഭാഗമായി മാറുന്നു. നെവിന് മാനാടന്‍ സംവിധാനം ചെയ്യുന്ന സംരംഭത്തിന്റെ അധ്യാപക കോ ഓര്‍ഡിനേറ്റര്‍മാര്‍ ആതിര മനോഹരന്, ശരണ്‍ പുന്നേക്കാടന്‍, മരിയ ഷാരോള്‍ ചെറിയാന്, അലക്സ് തോമസ് ജോണ്‍ എന്നിവരാണ്.
ബിനാലെയുടെ ഫോര്‍ട്ട്കൊച്ചി കബ്രാള്‍യാര്‍ഡ് പവിലിയനില്‍ മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി വൈകിട്ട് ഏഴിന് ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ സംഗീതജ്ഞന് ടി എം കൃഷ്ണ കര്‍ണാടക ശാസ്ത്രീയ സംഗീതത്തില്‍ ആലപിക്കും. രാവിലെ ഏഴുമുതല്‍ മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്ട് ഓണ്‍ ഫൂട്ട് എന്ന പരിപാടിക്ക് ആര്‍ക്കിടെക്റ്റ് അസ്ന പര്‍വീണ്‍ നേതൃത്വം നല്‍കും. കബ്രാള്‍യാര്‍ഡ് ആര്‍ട്ട്റൂമില്‍ പ്രശസ്ത വസ്ത്ര ഡിസൈനര്‍ അനൂജ് ശര്‍മ നയിക്കുന്ന ‘ബട്ടണ്‍ മസാല’ വസ്ത്ര രൂപകല്പന ശില്പശാല രാവിലെ പത്തുമുതല്‍ ഒന്നുവരെ നടക്കും.