തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

  • തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, 2022 ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും. 1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയ‍ര്‍ത്തിയിട്ടുണ്ട്. നിലവില്‍ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം. 1500 സിസി കാറുകള്‍ക്ക് 3416 രൂപയും (നിലവില്‍ 3221) ആയി നിശ്ചയിച്ചു. അതേസമയം 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.

ടൂവീലറുകളുടെയും തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഉയരും. 150 മുതല്‍ 350 സിസി വരെയുള്ള ടൂ വീലറുകള്‍ക്ക് നിരക്ക് 1366 രൂപയാക്കി നിശ്ചയിച്ചു. 350 സിസിക്ക് മുകളില്‍ 2804 രൂപ നല്‍കണം. 75 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 538 രൂപയും 75 മുതല്‍ 150 സിസി വരെ 714 രൂപയും പ്രീമിയമായി അടയ്ക്കണം.

ഇതിനൊപ്പം ചില ഇളവുകളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15% ഇളവ് ലഭിക്കും. വിന്റേജ് കാറുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറുകള്‍ക്ക് 50% ഇളവുണ്ടാകും. ഇലക്‌ട്രിക്, ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവ് ലഭിക്കും. ഉയര്‍ത്തിയ പ്രമീയവും ഇളവുകളും ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്

എന്താണ് തേ‍ര്‍ഡ‍് പാര്‍ട്ടി ഇന്‍ഷുറന്‍സ്?

വാഹനാപകടം മൂലം പൊതുജനത്തിനോ, അവരുടെ മുതലിനോ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യുന്ന പോളിസിയാണിത്. അതേസമയം പോളിസിയുടമയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇതിന്റെ പരിരക്ഷ ഉണ്ടാകില്ല. വാഹനം നിരത്തിലിറക്കണമെങ്കില്‍ ചുരുങ്ങിയത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എങ്കിലും നിര്‍ബന്ധമാണ്.