അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു

മത്സ്യങ്ങൾ വലിയതോതിൽ ചത്ത, കടവൂർ കൊയ്പ്പള്ളി, മണ്ണാശ്ശേരി ഭാഗങ്ങളിലാണ് തിളക്കമുള്ള പാട ഒഴുകുന്നത്. ഫിഷറീസ് ഡിപ്പാർട്ടുമെന്റ്, കുഫോസ് , കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ടുമെന്റ്, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥർ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിൾ ശേഖരിച്ചു.

കൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു. അതേസമയം, ജലോപരിതലത്തിൽ ഇന്ന് എണ്ണമയമുള്ള പാട തെളിഞ്ഞു. ഗന്ധമുള്ള ഇത് രാസമാലിന്യ സാന്നിധ്യം സൂചിപ്പിക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. മത്സ്യങ്ങൾ വലിയതോതിൽ ചത്ത, കടവൂർ കൊയ്പ്പള്ളി, മണ്ണാശ്ശേരി ഭാഗങ്ങളിലാണ് തിളക്കമുള്ള പാട ഒഴുകുന്നത്. ഫിഷറീസ് ഡിപ്പാർട്ടുമെന്റ്, കുഫോസ് , കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ടുമെന്റ്, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥർ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിൾ ശേഖരിച്ചു. ചത്ത മത്സ്യങ്ങളെ കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ കായലിൽ നിന്ന് നീക്കി മറവുചെയ്തു. ശനിയാഴ്ച മുതലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഞുണ്ണ മത്സ്യങ്ങളാണ് കൂടുതൽ ചത്തത്. കരിമീൻ, പള്ളത്തി, ചില്ലാങ്കൂരി, കോലാൻ , ചൂട, മുരൽ തുടങ്ങിയ മത്സ്യങ്ങളും ചത്തു. കറവെള്ള പ്രതിഭാസം കൊണ്ടും, രൂക്ഷമായ മലിനീകരണം കൊണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാറുണ്ട്. പരിശോധനാഫലം വന്ന ശേഷമേ കാരണം വ്യക്തമാകൂ.