തിരുവനന്തപുരം: കാനനഛായയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ… മന്ത്രിയുടെ കൈവിരലുകള്‍ കോര്‍ത്തുപിടിച്ച് സരോജിനിയമ്മ വരികള്‍ ഓര്‍ത്തെടുത്തു പാടി. രണ്ടാം ബാല്യത്തിന്റെ നിഷ്കളങ്ക ഭാവം കലര്‍ത്തി പല ആവര്‍ത്തി പാടിയ വരികള്‍ക്ക് പുഞ്ചിരിയോടെ കാതോര്‍ത്ത് സാമൂഹികനീതി വകുപ്പ് മന്ത്രി ആര്. ബിന്ദു അവരോട് ചേര്‍ന്ന് നിന്നു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ ‘വയോമിത്രം’ സോഫ്റ്റ്വെയര് ഉദ്ഘാടനത്തിന് ശേഷം വൃദ്ധ മന്ദിരത്തിലെ അന്തേവാസികളെ കാണാന്‍ എത്തിയതായിരുന്നു മന്ത്രി. അവരുടെ വിശേഷങ്ങള്‍ തിരക്കി മന്ത്രി അല്പസമയം ചെലവഴിച്ചാണ് മടങ്ങിയത്. കൂടെക്കൂടെ വരണേ എന്നായിരുന്നു പിരിയാന്‍ നേരം അമ്മമാര്‍ ഒരേ സ്വരത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്.
സാമൂഹികനീതി വകുപ്പിന്റെ വയോമിത്രം പദ്ധതി വഴി വയോജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കാന്‍ വയോമിത്രം സോഫ്റ്റ്വെയര് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അവശ്യ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പുറമെ വീടുകളിലെത്തിയുള്ള പരിചരണത്തിന് കൂടുതല്‍ പ്രാധാന്യം നല്കേണ്ടതുണ്ടെന്നു മന്ത്രി വ്യക്തമാക്കി. ഇതിനായി വയോജന പരിപാലന മേഖലയില്‍ പരിശീലനം ലഭിച്ചവരെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും.
മറവിരോഗം ഉള്ളവര്‍ക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഓട്ടിസം ബാധിച്ചവര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയുന്ന സംവിധാനത്തെക്കുറിച്ചും വകുപ്പ് ആലോചിക്കുന്നുണ്ടെന്നു മന്ത്രി സൂചിപ്പിച്ചു. കേരള സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷെറിന് എം. എസ്., അസിസ്റ്റന്റ് ഡയറക്ടര്‍ പി. ഷെരിഫ് എന്നിവര്‍ സംസാരിച്ചു.