ബിനാലെയുടെ ഭാഗമായി വൈപ്പിനും; മത്സരങ്ങളും പേടിയുമില്ലാത്ത കലായിടമായി ആര്‍ട്ട് റൂമുകള്‍

കൊച്ചി: ബിനാലെ 2002ന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) വിഭാഗത്തിന്റെ ഭാഗമായ ആര്‍ട്ട് റൂമുകള്‍ സജ്ജമാക്കിയ രണ്ട് സ്‌കൂളുകളില്‍ കലാസൃഷ്ടികളുടെ പ്രദര്‍ശനമൊരുക്കി. ഞാറക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കടമക്കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കുട്ടികളുടെ സര്‍ഗ്ഗഭാവനകള്‍ സാക്ഷാത്കരിച്ചത്.

താരതമ്യങ്ങളില്ലാത്ത, മത്സരങ്ങളില്ലാത്ത, വിചാരണകളില്ലാത്ത, പേടിക്കേണ്ടതില്ലാത്ത ക്രമാനുഗതം സ്വതന്ത്രമായ സഹവര്‍ത്തിത്വത്തിലേക്ക് വളരുന്ന ഒരിടം. അവിടെയാണ് മൗലികമായ സര്‍ഗ്ഗാത്മകത രൂപപ്പെടൂ എന്ന ആശയത്തിലൂന്നി ഒന്നരമാസം മുമ്പാണ് രണ്ട് സ്‌കൂളുകളിലും ആര്‍ട്ട് റൂമുകള്‍ തുടങ്ങിയത്. ഇതോടെ കൊച്ചി, എറണാകുളം മണ്ഡലങ്ങള്‍ക്കു പുറമെ തൊട്ടടുത്ത വൈപ്പിനും ബിനാലെയുടെ ബഹ്ഗമാകുകയാണ്. വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണിക്കൃഷ്ണന്റെ താത്പര്യവും സഹായ സഹകരണവും സ്‌കൂളുകളില്‍ ആര്‍ട്ട് റൂം ഒരുക്കുന്നതില്‍ നിര്‍ണ്ണായകമായി.

ഡ്രോയിങ്ങുകള്‍ക്കും പെയിന്റിങ്ങുകള്‍ക്കും കൂടാതെ ഏതാനും ഇന്‍സ്റ്റലേഷനുകളും ആര്‍ട്ട്‌റൂമുകളിലുണ്ട്. ബിനാലെയുടെ കഴിഞ്ഞ പതിപ്പില്‍ എബിസിയുടെയും റൂം ആര്‍ട്ടിന്റെയും പ്രോജക്ട് മാനേജര്‍ ആയിരുന്ന കലാകാരന്‍ ബ്ലെയ്‌സ് ജോസഫ് തന്നെയാണ് ഇക്കുറിയും സംരംഭങ്ങളുടെ രൂപകല്‍പന നിര്‍വ്വഹിക്കുന്നത്. കൊച്ചി ബിനാലെയുടെ ലംബമാനമായ പ്രധാനപ്പെട്ട പദ്ധതിയാണ് എബിസിയും ആര്‍ട്ട് റൂമുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലും ക്ലാസിലും മാത്രമായി ഒതുങ്ങാതെ അധ്യാപകരെയും രക്ഷിതാക്കളെയും സമൂഹത്തെയും പരിസരത്തെയാകെത്തന്നെയും സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്നതാണ് എബിസിയും വിശേഷിച്ചും ആര്‍ട്ട് റൂമും. പഠന രീതികള്‍ വിശാലമാകുന്നത് കലയിലൂടെയാണ് എന്നതാണ് കാഴ്ചപ്പാടെന്നും ബ്ലെയ്‌സ് പറഞ്ഞു.

അഞ്ചുമുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ആര്‍ട്ടറൂമുകള്‍. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും വിഷ്വല്‍ ആര്‍ട്ടിസ്റ്റും എല്ലാ ആഴ്ചയിലും കുറഞ്ഞത് ഒന്നര മണിക്കൂര്‍ വീതം ഓരോക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ട് റൂമില്‍ ക്ലാസെടുക്കും. അധ്യാപകര്‍ക്കായും ശില്‍പശാല നടത്തും. അവധിക്കാലത്ത് നിശ്ചിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ട്ട് റൂം തുടരും. നാലുമാസമാണ് ബിനാലെയെങ്കിലും ആര്‍ട്ട് റൂം ഒരുവര്‍ഷം തുടരും. ബിനാലെ ട്രസ്റ്റി ഷബാന ഫൈസല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് പദ്ധതിക്ക് സാമ്പത്തിക നല്‍കുന്നത്. ആവേശകരമായ സ്വീകാര്യത ഇതിനകം പ്രോജക്ട് കൈവരിച്ചതായും ബ്ലെയ്‌സ് വിശദീകരിച്ചു.

ആഗോളതലത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 2007 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ 2014മുതല്‍ കൊച്ചി ബിനാലെയുമായി സഹകരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പാക്കുന്ന പദ്ധതിയായതിനാലാണ് ആര്‍ട്ട് റൂമിന് എല്ലാ പിന്തുണയും നല്‍കുന്നതെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ: ജോസഫ് സെബാസ്റ്റ്യന്‍ പറഞ്ഞു. വേറിട്ട അനുഭവമാണ് പദ്ധതിയെന്ന് ഞാറക്കല്‍, കടമക്കുടി സ്‌കൂളുകളിലെ ആര്‍ട്ട് റൂമുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം പ്രതികരിച്ചു.

എബിസി പദ്ധതിയില്‍ ഈ മാസം 23 മുതല്‍ ഫോര്‍ട്ടുകൊച്ചി കബ്രാള്‍ യാര്‍ഡില്‍ തുടര്‍ച്ചയായി ശില്‍പശാലകളുണ്ടാകും. 50 കലാകാരന്മാരുടെ പങ്കാളിത്തം വിവിധ ദിവസങ്ങളിലായി ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. സമീപത്തെ സ്‌കൂളുകളില്‍ നിന്നുള്ള ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്ഥികളുമൊക്കെ ഭാഗഭാക്കാകും. വിദ്യാര്‍ത്ഥികളെ മാത്രമല്ല എബിസി വിശാലാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത്.