സംസ്ഥാനത്തൊട്ടാകെനടന്നത് വ്യാപകമായ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം: രമേശ് ചെന്നിത്തല
ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതും ബി.ജെ.പി മുന്നേറ്റം തടഞ്ഞതും യു.ഡി.എഫ്
വോട്ട് കച്ചവടം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി മറിച്ച് ആരോപണം ഉന്നയിക്കുന്നത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം ബി.ജെ.പി ഡീല്‍ തകര്‍ത്ത് ബി.ജെ.പി മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യു.ഡി.എഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയും സിപിഎമ്മും തമ്മില്‍ നടത്തിയ വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ബി ജെപി, യു.ഡി.എഫിന് വോട്ടുമറിച്ചു നല്കി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. സത്യവുമായി പുലബന്ധമില്ലാത്ത ആ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.യഥാര്‍ത്ഥത്തില്‍ 69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ച് നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്ന് വോട്ടുകളുടെ കണക്കുകള്‍ കാണിക്കുന്നു. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നട്ന്നിട്ടുണ്ട.
നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന് വോട്ടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട്ടു കുറയുകയും ചെയ്തു. അവ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കിട്ടിയത്.
ബി.ജെ.പി പ്രസ്റ്റീജ് മത്സരം നടത്തിയ സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിക്കെതിരെ കനത്തയുദ്ധമാണ് കോണ്‍ഗ്രസ് നടത്തിയത്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് കഴിഞ്ഞ തവണത്തെ 13860 വോട്ടുകള്‍ 369524 വോട്ടുകളായി വര്‍ധിപ്പിച്ചാണ് ബി.ജെ.പിയെ തളച്ചത്. ഇടതു സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടിയാകട്ടെ കഴിഞ്ഞ തവണ പിടിച്ച 59,192 വോട്ടുകള്‍ പിടിച്ചില്ല. 55,837 വോട്ടുകളാണ് ഇത്തവണ ശിവന്‍കുട്ടിക്ക് ലഭിച്ചത്. 3,305 വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥി ബി.ജെ.പിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്.
പാലക്കാട് ബി.ജെ.പിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടത് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ്. സിപിഎം അവിടെ കഴിഞ്ഞ തവണത്തെക്കാള്‍ 2242 വോട്ടുകള്‍ ്ബി.ജെ.പിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്.
മഞ്ചേശ്വരത്ത് മുസ്ളീം ലീഗിന്റെ സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫിന്റെ മുന്നേറ്റമാണ് ബി.ജെ.പിയുടെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയത്തെ തകര്‍ത്തത്. കഴിഞ്ഞ തവണത്തെക്കാള്‍ യു.ഡി.എഫ് 8888 വോട്ടുകള്‍ കൂടുതല്‍ പിടിച്ച് യു.ഡി.എഫ് ബി.ജെ.പി മുന്നേറ്റത്തെ തടഞ്ഞപ്പോള്‍ സി പി എം 1926 വോട്ടുകള്‍ ബി ജെപിക്ക് സമ്മാനിക്കുകയാണ് ചെയ്തത്.
ബി ജെപിക്ക് ഇത്തവണ 4,35,606 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞത്. 3.71 ശതമാനം വോട്ടുകളുടെ കുറവുണ്ടായി. ഈ ഈ വോട്ടുകള്‍ ഭൂരിഭാഗവും കിട്ടിയിരിക്കുന്നത് സി.പി.എമ്മിനും ഇടതു മുന്നണിക്കുമാണ്. സംസ്ഥാനത്ത് 69 ലേറെ മണ്ഡലങ്ങളില്‍ ബി.ജെ.പി സി.പി.എമ്മിനും ഇടതുമുന്നണിക്കും വോട്ടുമറിച്ച് നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഏതാനും ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാം. സി.പി.എമ്മിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥി പി.രാജീവ് മത്സരിച്ച കളമശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് 13065 വോട്ടുകളുടെ കുറവാണ് കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ ഉണ്ടായത്. അത് ലഭിച്ചത് സിപിഎം സ്ഥാനാര്‍ത്ഥിക്കാണ്.
കുട്ടനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞത് 18098 വോട്ടുകളാണ്. കഴിഞ്ഞ തവണ പിടിച്ചതിന്റെ പകുതി വോട്ട് പോലും എന്‍.ഡി.എ പിടിച്ചില്ല. ഇത് അപ്പടി ഇടതു സ്ഥാനാര്‍ത്ഥിക്ക് മറിച്ച് കൊടുത്തു.
വൈക്കത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ 30067 വോട്ടുകള്‍ ആണ് ലഭിച്ചതെങ്കില്‍ ഇത്തവണ ലഭിച്ചത് വെറും 11953 വോട്ടുകള്‍. വ്യത്യാസം 18,114 വോട്ടുകള്‍. ഇത് ലഭിച്ചത് അവിടുത്തെ സിപിഐ സ്ഥാനാര്‍ത്ഥിക്ക്.
ഉടുമ്പന്‍ ചോലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 21799 വോട്ടുകള്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ കിട്ടിയത് വെറും 7208 വോട്ടുകള്‍ മാത്രമാണ്. വ്യത്യാസം 14591. അവിടെ ഇടതു സ്ഥാനാര്‍ത്ഥിക്ക് 50813 വോട്ടുകള്‍ ഉണ്ടായിരുന്നത് 77381 വോട്ടുകള്‍ ആയി കുതിച്ചുയര്‍ന്നു. എന്‍ഡിഎ വോട്ടുകള്‍ അപ്പാടെ കച്ചടവം നടത്തുകയാണുണ്ടായത്.
ഏറ്റുമാനൂര്‍, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട,് ചങ്ങനാശേരി, വാമനപുരം, കോവളം, കൈപ്പമംഗലം, തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട്ട് മറിച്ച് നല്കിയ മണ്ഡലങ്ങളുടെ വലിയ ലിസ്റ്റ് തന്നെയുണ്ട്.
സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് ആര് എസ് എസ് ഉന്നതന് ബാലശങ്കര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കപ്പെട്ടതും ഈ ഡീലിന്റെ ഭാഗമായിരുന്നു. അഴിമതിക്കേസുകളിന്മേലുള്ള അന്വേഷണമെല്ലാം കേന്ദ്ര ഏജന്‍സികള്‍ മരവിപ്പിച്ചത് ഈ ഡീലിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയുടെയും ലക്ഷ്യം. അതിന്റെയും കൂടി ഭാഗമായിട്ടായിരുന്നു ബി.ജെ.പി സി.പി.എമ്മുമായി ഡീല്‍ ഉണ്ടാക്കിയത്.
ഈ കള്ളക്കച്ചവടം പുറത്ത് വരുമെന്ന് കണ്ടപ്പോഴാണ് മറിച്ച് പറഞ്ഞു കൊണ്ട് ഇല്ലാക്കഥകളുമായി പതിവ് പോലെ മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഏത് കൊച്ചുകുട്ടിക്കും ബോധ്യപ്പെടുന്ന കാര്യം മറച്ച് വച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു