തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് തൊഴില്‍ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ വകുപ്പിന്റെ സജീവമായ ഇടപെടല്‍ എല്ലാ തൊഴില്‍ മേഖലയിലുമുണ്ടെന്നും വികസന സൗഹൃദ തൊഴില്‍ സംസ്‌കാരം എന്ന ആശയം തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക സുരക്ഷക്കുമായി നിലവിലുള്ള നിയമങ്ങളില്‍ ഒന്‍പത് നിയമഭേദഗതികളാണ് കഴിഞ്ഞ വര്‍ഷം വകുപ്പ് കൊണ്ടുവന്നത് തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 വയസായി വര്‍ധിപ്പിച്ചതും ചുമട് ഭാരം 75 കിലോയില്‍ നിന്നും 55 ആക്കി കുറച്ചതും തൊഴിലാളിപക്ഷ സമീപന നിലപാടുകളുടെ ഭാഗമാണ്. സ്ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും എടുക്കാവുന്ന പരമാവധി ചുമട് ഭാരം 35 കിലോ ആക്കിയിട്ടുണ്ട്.
ഇന്ന് ഏറെ വിഷമതകള്‍ നേരിടുന്ന അസംഘടിതരായ ഗാര്‍ഹിക തൊഴിലാളി മേഖലയുടെ പ്രശ്ന പരിഹാരത്തിനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചു. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഗാര്‍ഹിക തൊഴിലാളികളെ
അംഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിനൊപ്പം ഗാര്‍ഹികതൊഴിലാളി റിക്രൂട്ടിംഗ് ഏജന്‍സികളെ ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുന്നതും തൊഴിലാളി/തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാരും അസംഘടിതരായവരുമായ തൊഴിലാളികള്‍ക്കും നഗരങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കുമുള്ള ഭവന പദ്ധതികള്‍ രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ മേഖലയിലെ ഓണ്‍ ലൈന്‍ ടാക്സി തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു.
നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന പ്രകാശന ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി പുസ്തകം ഏറ്റുവാങ്ങി. ലേബര്‍ കമ്മിഷണര്‍ അനുപമ ടി വി, എംപ്ലോയ്മെന്റ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, തൊഴില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ പി രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.