തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്കും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും, പ്രവര്‍ത്തകര്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കും തദ്ദേശ പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയ ഇയര്‍ ബുക്കിന്റെ വിതരണോദ്ഘാടനം വികാസ്ഭവനിലെ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന് കൈമാറി നിര്‍വഹിച്ചു.
1993 ഡിസംബര്‍ 3നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിലവില്‍ വന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും, സുപ്രീംകോടതിയില്‍ നിന്നുള്ള പ്രധാന വിധികളുടെ വിവരങ്ങളും, തദ്ദേശ ഭരണസംവിധാനത്തെ കുറിച്ചും, തദ്ദേശ ഭരണ വികാസം, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അയോഗ്യത, ജനപ്രതിനിധികളുടെ വിവരങ്ങള്‍, ഭരണഘടന വ്യവസ്ഥകള്‍, സര്‍ക്കുലറുകള്‍, വിജ്ഞാപനങ്ങള്‍, ഡയറക്ടറി, പ്രധാന വെബ്സൈറ്റുകള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇയര്‍ ബുക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് ഇയര്‍ ബുക്ക് പുറത്തിറക്കുന്നത്. ഇയര്‍ ബുക്കിന്റെ ഔദ്യോഗിക പ്രകാശനം ഡിസംബര്‍ രണ്ടിന് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ചിരുന്നു.്