68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. അതേസമയം, 1844 പോയിന്റുകളുമായി ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു.
കൊച്ചി:കേരള സ്കൂൾ കായികമേളയിൽ മലപ്പുറം അത്ലറ്റിക് വിഭാഗത്തിൽ മികച്ച മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. അതേസമയം, 1844 പോയിന്റുകളുമായിഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലക്ക് കിരീടം ഉറപ്പിച്ചു. അത്ലറ്റിക് വിഭാഗത്തിൽ ഇന്ന് രാവിലെ മൂന്ന് ഫൈനലുകളാണ് നടന്നത്.
ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ തിരുവനന്തപുരം ജില്ലയുടെ കാർത്തിക് കൃഷ്ണ സ്വർണം നേടി. കാർത്തിക്, വിതുര ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. സബ്ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ സ്വർണം നേടിയത് കണ്ണൂർ ജില്ലയുടെ കെ. അൻവിക. കീഴന്തൂർ യു.പി സ്കൂൾ വിദ്യാർത്ഥിനിയാണ് അൻവിക. സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം നേടിയത് കോട്ടയത്തിന്. മുരുക്കുംവയൽ ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ ജുവൽ തോമസാണ് ഈ നേട്ടം കൈവരിച്ചത്. മലപ്പുറത്തിന് വെള്ളിയാണ് ലഭിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ലോങ്ങ് ജംബ്, ഡിസ്കസ് ത്രോ, ഹർഡിൽസ് എന്നിവയുൾപ്പെടെ 15 ഫൈനലുകൾ കൂടി നടക്കും. ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടത്തിൽ തിരുവനന്തപുരത്തിന് എതിരാളികളില്ലാത്ത മുന്നേറ്റമാണ്. 1844 പോയിന്റുകളുമായി തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചതാണ്. തൃശ്ശൂർ 741 പോയിന്റുകളുമായി രണ്ടാമതുണ്ട്. ഗെയിംസ് വിഭാഗത്തിൽ മാത്രം 1163 പോയിന്റുകളാണ് തിരുവനന്തപുരത്തിന്.
ഇന്നലെ പൂർത്തിയായ അക്വാറ്റിക്സ് മത്സരങ്ങളിൽ 654 പോയിന്റുമായി തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. ഓവറോൾ കിരീടം, ഇൻക്ലൂസീവ് സ്പോർട്സും അക്വാറ്റിക്സും ഗെയിംസും എല്ലാ വിഭാഗങ്ങളിലും തിരുവനന്തപുരത്തിന് വൻ വിജയം. ഇനി അത്ലറ്റിക് ചാമ്പ്യൻപട്ടം ആർക്കെന്നതാണ് കായികപ്രേമികൾക്ക് ആവേശം നൽകുന്ന ചോദ്യം.