തിരുവനന്തപുരം : ജല്‍ ജീവന് ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് 9,000 കോടി രൂപ നല്‍കിയതായി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്‍ ജീവന് മിഷന്റെയും സ്വച്ഛ് ഭാരത് മിഷന്റെയും (ഗ്രാമീണ്‍) പുരോഗതി സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി പറഞ്ഞു. ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍, ഈ വര്‍ഷം ഓണത്തിന് മുമ്പ് എല്ലാ ഗ്രാമങ്ങളെയും വെളിയിട വിസര്‍ജമുക്തം (ഒഡിഎഫ് പ്ലസ്) ആക്കുക എന്ന ലക്ഷ്യം കേരളം കൈവരിക്കണമെന്ന് മന്ത്രി പറഞ്ഞു. 2023- 24 വര്‍ഷത്തേക്ക് ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍ കേരളത്തിന് 488 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഷെഖാവത്ത് പറഞ്ഞു. കേന്ദ്ര ഫണ്ടുകളുടെ ചെലവ് ത്വരിതപ്പെടുത്തണമെന്നും കേന്ദ്ര പദ്ധതികളില്‍ നിന്നുള്ള നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ലളിതമാക്കണമെന്നും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും വിവിധ വെല്ലുവിളികളെ അതിജീവിക്കാന്‍ സംസ്ഥാന ഗവണ്മെന്റിനെ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
മുഖ്യമന്ത്രിയും കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ജല്‍ ജീവന് മിഷന്, സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ എന്നിവയുടെ സംസ്ഥാനത്തെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
ജല്‍ജീവന്‍ മിഷന്റെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നു കേന്ദ്ര ജലവിഭവ മന്ത്രി പറഞ്ഞു. മിഷന് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഇരു പദ്ധതികളും നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പദ്ധതികള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും മറ്റു ചില സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വേണ്ടത്ര വേഗത കൈവരിച്ചിട്ടില്ല. ഇതു മറികടക്കാന്‍ കൃത്യമായ ആസൂത്രണവും പുരോഗതി വിലയിരുത്തലും നടത്തണം. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടു റെയില്‍വേ, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടു ലഭിക്കേണ്ട അനുമതികള്‍ അതിവേഗത്തില്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി.
ഇരു പദ്ധതികളുടേയും പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രി ഉറപ്പു നല്കി. കേന്ദ്രമന്ത്രിയെ പൊന്നാടണയിച്ചു സ്വീകരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് ആറന്മുള കണ്ണാടിയും സമ്മാനിച്ചു. തിരുവനന്തപുരം ഹയാത്ത് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി വിനി മഹാജന്, സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.