തിരുവനന്തപുരം: ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ ക്യാംപെയ്ന് മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീര്ച്ചാല് ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലലഭ്യത കേരളത്തില്‍ കുറഞ്ഞുവരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജലസംഭരണം ഉറപ്പാക്കുന്നതിനും ജല ഉപഭോഗം കണക്കാക്കി പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുമുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടി വെള്ളത്തിന്റെ കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. 44 നദികളും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണ് കേരളം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭാഗമായി കേരളത്തിലെ പല ഭാഗങ്ങളിലും വേനല്‍ക്കാലം ആകുമ്പോള്‍ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയുണ്ട്. അനാവശ്യമായി ജലം പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ജനകീയ ജല ബജറ്റ്. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ സഹായത്തോടെസംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവര സാങ്കേതിക മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സമിതിയാണ് ജല ബജറ്റിന് രൂപം നല്‍കുന്നത്. ആദ്യഘട്ടമായി 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളുമാണ് ജലബജറ്റ് തയ്യാറാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ഭൂപ്രകൃതിയും മഴയുടെ പ്രത്യേകതയും അനുസരിച്ച് ജലസുരക്ഷയിലേക്ക് എത്തുന്നതിനുള്ള സൂക്ഷ്മതലത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്. വേനല്‍ മഴയിലൂടെ ലഭിക്കുന്ന വെള്ളത്തെ കൃഷിക്കും ജലസേചനത്തിനുമടക്കം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലുള്ള ഇടപെടല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉറപ്പാക്കണം. പ്രാദേശികതലത്തില്‍ ജനപങ്കാളിത്തത്തോടെ കൂടിയാവണം പരിപാടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. ‘ഇനി ഞാന്‍ ഒഴുകട്ടെ’ നീര്‍ച്ചാലുകളുടെയും പുഴകളുടെയും വീണ്ടെടുപ്പിനായി വിഭാവനം ചെയ്ത പദ്ധതിയാണ്. പ്രളയത്തിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പദ്ധതി തയ്യാറാക്കിയത്. പ്രളയത്തിന്റെ ഭാഗമായി നദികള്‍ കര കവിഞ്ഞൊഴുകിയുണ്ടായ നാശനഷ്ടങ്ങളേക്കാള്‍ കൂടുതല്‍ പ്രാദേശികമായി സംഭവിച്ച വെള്ളപ്പൊക്കം മൂലമുണ്ടായി. വെള്ളം ഒഴുകി പോകുവാന്‍ കഴിയാതെ സ്വാഭാവിക നീര്‍ച്ചാലുകള്‍ അടഞ്ഞു പോയതിനാലാണ് ഇത് സംഭവിച്ചത്. ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നൂറുകണക്കിന് ജലസ്രോതസ്സുകള്‍ സംസ്ഥാന വ്യാപകമായി വീണ്ടെടുത്തു. വീണ്ടെടുത്ത വരട്ടാറും കുട്ടമ്പേരൂര്‍ ആറിന്റെ പുനരുജ്ജീവനവും മികച്ച മാതൃകകളായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 15, 119 കിലോമീറ്റര്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം സാധ്യമായി. പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന പേരില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ 9 ജില്ലകളിലായി 230 ഗ്രാമപഞ്ചായത്തുകളുടെ നീര്‍ച്ചാലുകളുടെ സ്ഥിതിവിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തമാരംഭിക്കുകയാണ്. ഇതിന് റീബില്‍ഡ് കേരളയുടെ പൂര്‍ണ പിന്തുണയുണ്ട്. ഉപഗ്രഹ സര്‍വേ പൂര്‍ത്തീകരിച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അടുത്ത ഘട്ടമായ നീര്ച്ചാല് പുനരുജ്ജീവനം മഴക്കാലത്തിന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലബജറ്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി 2 കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ സ്വാഗതം ആശംസിച്ചു. ജനകീയ ജലബജറ്റിന്റെ സാങ്കേതിക നിര്‍വഹണ റിപ്പോര്‍ട്ട് റിട്ട. സീനിയര്‍ സയന്റിസ്റ്റ് സുശാന്ത് സി.എം. അവതരിപ്പിച്ചു. ജനകീയ മാപ്പത്തോണ്‍ മാപിംഗ്പുസ്തകം മന്ത്രി റോഷി അഗസ്റ്റിന് പ്രകാശനം ചെയ്തു. എം.എന്‍.ആര്.ഇ.ജി.എസ് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. ബാലചന്ദ്രന് നായര്‍ പുസ്തകം ഏറ്റുവാങ്ങി. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമുവല്‍, ഡപ്യൂട്ടി എന്‍ജിനിയര്‍ പൂര്‍ണ, ഡി.ഡബഌൂ.ആര്.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍, കെ.സുരേഷ്, ടി.പി. സുധാകരന് തുടങ്ങിയവര്‍ പങ്കെടുത്തു