കൊല്ലം : ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്.
1985 കാലഘട്ടത്തിൽ കൊല്ലം കലക്ടറായിരുന്ന സി.വി. ആനന്ദബോസ് കൊല്ലം പ്രസ്സ്ക്ലബ്ബ് സന്ദർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വീട്ടിലേക്ക് മടങ്ങിവന്ന പോലെയാണ് കൊല്ലത്തെത്തിയപ്പോഴുള്ള അനുഭവം. മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവർത്തന സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. വിമർശനത്തോട് ദേഷ്യം തോന്നാം. എന്നാൽ അത് കാഴ്ച മാത്രമല്ല ഉൾക്കാഴ്ചയും നൽകും. കാഴ്ചയെക്കാൾ പ്രധാനമാണ് ഉൾക്കാഴ്ച. ജനാധിപത്യവും പ്രവർത്തനവും ഒരുമിച്ച് പോകണം.
എന്നും വിമർശിക്കുന്ന പത്രക്കാരനെ തല്ലാൻ മല്ലന്മാരെയും കൂട്ടി പത്രം ഓഫീസിൽ എത്തിയ മസിൽ പവറുള്ള രാഷ്ട്രീയ ക്കാരനെ കുറിച്ചും ആനന്ദ ബോസ് പറഞ്ഞു. എന്നും നുണ എഴുതുകയാണ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുക്കിയപ്പോൾ, ഇനി അങ്ങയെ ക്കുറിച്ച് സത്യം മാത്രം എഴുതാമെന്ന് പത്ര പ്രവർത്തകൻ പറഞ്ഞു. അയ്യോ അതു വേണ്ടെന്ന് പറഞ്ഞ് രാഷ്ടീയക്കാരൻ സ്ഥലം വിട്ടെന്ന് ആനന്ദബോസ് പറഞ്ഞു.
രാജ്ഭവൻ്റ ഉപഹാരങ്ങൾ ഗവർണർ വിതരണം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബിൻ്റെ ആദരവ് പ്രസിഡൻ്റ് ജി.ബിജുവും, സീനിയർ ജേർണലിസ്റ്റ് ഫോറത്തിൻ്റെ ആദരവ് രക്ഷാധികാരി എസ്. സുധീശൻനും ഗവർണർക്ക് നൽകി. ജേർണലിസ്റ്റ് ഫോറം പ്രസിഡൻറ് സന്തോഷ് എസ്.കുമാർ, സെക്രട്ടറി ഡി വേണുഗോപാൽ, സി.പി രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.