സ്ത്രീസൗഹാര്‍ദ്ദ ടൂറിസം; മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്

ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂര്‍ പാക്കേജുകള്‍, അംഗീകൃത വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുമാര്‍, ക്യാമ്പിംഗ് സൈറ്റുകള്‍, കാരവനുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി വനിതാ യാത്രികര്‍ക്ക് സഹായകമാകുന്ന എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും.
ലോകമാകമാനം സ്ത്രീ കൂട്ടായ്മകളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള വിനോദസഞ്ചാരം വര്‍ധിച്ചുവരുന്ന കാലത്ത് കേരളത്തിന്റെ ടൂറിസം മേഖലയെ കൂടി അതിന് അനുസൃതമായി മാറ്റുന്നതിനു വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ വനിതാ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സഹായകമാകുന്ന രീതിയിലേക്ക് ടൂറിസം ആപ്പ് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ജെന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം എന്ന യു എന്‍ വിമന്‍ ആശയം കേരള ടൂറിസത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് ടൂറിസം മന്ത്രി സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വനിതാസൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഒന്നരലക്ഷം വനിതകളെ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് യു എന്‍ വിമന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പിന്തുണയുണ്ട്. വിനോദസഞ്ചാര മേഖലയില്‍ 10000 വനിതാ തൊഴില്‍ സംരംഭങ്ങളും 30000 തൊഴിലും ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്പ് നിലവില്‍ വരുന്നത്.
വനിതാ സംരംഭകരുടെ നേതൃത്വത്തിലുള്ള കരകൗശല – സുവനീര്‍ ഉത്പാദന-വിപണന കേന്ദ്രങ്ങള്‍, എക്‌സ്പീരിയന്‍സ് എത്‌നിക് ക്യുസീന്‍ (വീട്ടില്‍ ഭക്ഷണം ലഭ്യമാക്കുന്ന അംഗീകൃത യൂണിറ്റുകള്‍), ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ഗ്രാമീണ ടൂറിസം പാക്കേജുകള്‍, അനുഭവവേദ്യ പാക്കേജുകള്‍, സാഹസിക പാക്കേജുകള്‍ എന്നിവയെല്ലാം ചേരുന്ന സമഗ്ര വിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേനിലുള്ളതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ആപ്പിനായുള്ള വിവരശേഖരണം, ടൂറിസം കേന്ദ്രങ്ങളിലെ സ്ത്രീസുരക്ഷ സംബന്ധിച്ച പഠനം എന്നിവ പരിശീലനം നേടിയ വനിതകളുടെ നേതൃത്വത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിവരുന്നു. പദ്ധതിയുടെ ഭാഗമായി ഇതിനോടകം 1800 പേര്‍ വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ജൂലൈ ആദ്യവാരം ആരംഭിക്കും.