ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്ക്കും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിനും സംസ്ഥാന സര്‍ക്കാര്‍ ഒരേ വേദിയില്‍ യാത്രയയപ്പ് ചടങ്ങ് ഒരുക്കി. സെക്രട്ടേറിയറ്റിലെ നവീകരിച്ച ദര്‍ബാര്‍ ഹാളായിരുന്നു വേദി. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഒരേ ദിവസം വിരമിക്കുന്നു എന്ന അപൂര്‍വ സന്ദര്‍ഭമാണിതെന്ന് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് കവിതാ രംഗത്ത് കൂടുതല്‍ ശ്രദ്ധയോടെ നീങ്ങാന്‍ കഴിയും. കവി മധുസൂദനന് നായര്‍ക്കൊക്കെ അദ്ദേഹം ഒരു വെല്ലുവിളിയായി ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കാമെന്ന് കവിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് സദസില്‍ ചിരി പടര്‍ത്തി.
ആര്‍ക്കും അപ്രിയം ഉണ്ടാക്കാതെ കാര്യ നിര്‍വഹണത്തില്‍ ചടുല നീക്കം നടത്താന്‍ ഡോ. വി. പി. ജോയ്ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഡിജിറ്റല്‍ രംഗത്ത് വലിയ മുന്നേറ്റം നേടിയിരിക്കുന്നു. ഇതിന് ചീഫ് സെക്രട്ടറി കാട്ടിയ പ്രത്യേക താത്പര്യവും വ്യക്തിപരമായ ഇടപെടലും ഏറെ സഹായിച്ചു. നല്ല രീതിയില്‍ ഭരണനിര്‍വഹണം നടത്തി. കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിക്ക് മികച്ച ഒരു യാത്രയയപ്പ് ലഭിച്ചു കഴിഞ്ഞു. കൂട്ടയോട്ടം നടത്തിയാണ് പോലീസ് യാത്രയയപ്പ് നല്‍കിയത്. നല്ല വേഗതയില്‍ കാര്യം നിര്‍വഹിക്കുന്നതില്‍ തത്പരനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. നാട്ടില്‍ വിവാദങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ല. എന്നാല്‍ അതിലൊന്നും പെടാതെ റിട്ടയര്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നു എന്നത് മികവിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പോലീസ് സേന മികവാര്‍ന്ന മാറ്റത്തിലേക്ക് പോയി. രാജ്യം ശ്രദ്ധിക്കുന്ന പോലീസ് സേനയായി കേരള പോലീസിനെ മാറ്റുന്നതില്‍ നല്ല പങ്ക് വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇരുവര്‍ക്കും മുഖ്യമന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.
പൊതുതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായി മറുപടി പ്രസംഗത്തില്‍ ഡോ. വി. പി. ജോയ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് രണ്ടു തരം ശമ്പളം ഉണ്ടെന്നാണ് തന്റെ അഭിപ്രായം. ഒന്ന് മാസം ലഭിക്കുന്ന ശമ്പളം. മറ്റൊന്ന് നല്ല കാര്യങ്ങള്‍ ചെയ്യുന്നത് വഴി സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മാറ്റം. എല്ലാവരും രണ്ടു ശമ്പളവും വാങ്ങാന്‍ ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് ഉന്നതിയിലെത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരും മുഖ്യമന്ത്രിയും വലിയ ഒരു ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചതെന്നും അത് കഴിവിന്റെ പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അനില്‍കാന്ത് പറഞ്ഞു.
ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ശിലാഫലകത്തിന്റെയും ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവിന്റേയും പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍, സജി ചെറിയാന്, പി. പ്രസാദ്, കവി മധുസൂദനന് നായര്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സത്യന് എന്‍, മറ്റു സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, ഡോ. വി. പി. ജോയ് യുടെ പത്നി ഷീജ എന്നിവര്‍ സന്നിഹിതരായിരുന്നു. പുതിയ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍ നന്ദിയും പറഞ്ഞു.