ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: ഡോ. വി. വേണു കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ മുന്നില്‍ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു. മുന്നിലെത്തുന്ന പരാതികളെ ഉത്തരവാദിത്തത്തോടെ കാണും. അവ പരിഹരിക്കുകയും ചെയ്യും. കേരള സിവില്‍ സര്‍വീസിലെ ഉന്നത പദവിയായ ചീഫ് സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. ഉത്തരവാദിത്തം വലുതാണെന്ന ബോധ്യത്തോടെയാണ് ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. അത് വെല്ലുവിളിയായി എടുക്കുന്നു. മുന്‍ ചീഫ് സെക്രട്ടറി തുടങ്ങി വച്ച കാര്യങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കാനും ജനങ്ങള്‍ക്ക് പ്രയോജനകരമാക്കാനും ശ്രമിക്കും. കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ ചീഫ് സെക്രട്ടറിമാരില്‍ ഒരാളായ ഡോ. വി. പി. ജോയ് യുടെ പിന്‍ഗാമിയായാണ് പദവിയിലെത്തുന്നത്. എല്ലാവരുടെയും സഹകരണം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷത്തിലധികം ചീഫ് സെക്രട്ടറി പദവിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ സഹകരിച്ചവരോടെല്ലാം പ്രത്യേകം നന്ദി പറയുന്നതായി വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. പുതിയ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു