മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റ


കൊല്ലം: ബലാല്‍സംഗ കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചക്ക് 12.30 ഓടെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് കൊല്ലം ആനന്ദവല്ലീശ്വരത്തുള്ള എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പീഡനവീരനായ മുകേഷിന്റെ സംരക്ഷകരായ പൊലീസ് മര്‍ദ്ദനം അഴിച്ചുവിട്ടത്. നിരവധി യൂത്ത് കോണ്‍ഗ്രസ്. കെ എസ് യു നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം ദാസ്, ഷംലാ നൗഷാദ്, നസ്ഫല്‍ കലതിക്കാട്, ആഷിക് ബൈജു, കെ എസ് യു ജില്ലാ സെക്രട്ടറിമാരായ ഗോകുല്‍ കൃഷ്ണ, ഗൗരി തുടങ്ങിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വനിതാ പ്രവര്‍ത്തകരെയടക്കം പൊലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, സംസ്ഥാന ഉപാധ്യക്ഷന്‍മാരായ വിഷ്ണു സുനില്‍ പന്തളം, പി.എസ് അനുതാജ്, ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി ഗീതാകൃഷ്ണന്‍ എന്നിവരെയും പൊലീസ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സുധീര്‍ മോഹന്‍, മനോരമ ന്യൂസ് ക്യാമറമാന്‍ രഞ്ജിത്ത് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അസൈന്‍ പള്ളിമുക്ക്, ചൈത്രാതമ്പാന്‍, കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, അരുണ്‍രാജ്, പ്രാക്കുളം സുരേഷ്, ഗിരീഷ് മേച്ചേഴ്ത്ത് തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു.
പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.